ദില്ലി: ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കും. ഇത്തരത്തിലൊരു നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളിപ്പിക്കുന്നതു തടയുകയെന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. 

ആഗോള തലത്തില്‍ മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് നിയമുണ്ട്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്കാണെന്ന് മാത്രം. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് അത് സഹായകരമാവുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. ബാനമി ഇടപാടുകള്‍ നിയന്ത്രിക്കാനും കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനും നടപടി സഹായിക്കുമെന്നാണ് കരുതുന്നത്. 

നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. 50,000 രൂപയോ അതിനു മുകളില്‍ പണമിടപാട് നടത്തുന്നവര്‍ പാന്‍ നമ്പര്‍ സമര്‍പ്പിക്കണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളും നിരീക്ഷണത്തിലാണ്. ഇപ്പോഴും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നാണ് സാമ്പത്തിക വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.