മഹാരാഷ്ട്രയിലെ ധൂലെയിലുള്ള ബോര്‍വിഹിര്‍ സ്വദേശിയാണ് പാക് സൈന്യത്തിന്റെ പിടിയിലായ ചന്തു ബാബുലാല്‍. ഇദ്ദേഹത്തിന്റെ മുത്തശ്ശിയായ ലീലാ ചിന്ദ പാട്ടീലാണ് ഇന്നലെ മരിച്ചത്. മാധ്യമങ്ങളില്‍നിന്നും പേരക്കുട്ടിയുടെ വിവരമറിഞ്ഞശേഷമുള്ള ആഘാതത്തിലാണ് മരണമെന്ന് അടുത്ത ബന്ധു അറിയിച്ചതായി വാര്‍ത്തയില്‍ പറയുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചശേഷം ചന്തുവിനെയും സഹോദരന്‍ ഭൂഷണ്‍ ബാബുലാലിനെയും പോറ്റി വളര്‍ത്തിയത് മുത്തശ്ശി ആയിരുന്നു. ചന്തുവും ഭൂഷണും പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 

കഴിഞ്ഞ ദിവസമാണ് ചന്തുവിനെ പാക് സൈന്യം പിടികൂടിയ കാര്യം ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടന്നപ്പോഴാണ് ചന്തു പിടിയിലായതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈനിക നടപടിക്കിടെയാണ് ചന്തു ബാബുലാല്‍ പിടിയിലായത് എന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. ചന്തുവിനെ മോചിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.