മൂന്ന് മാസം മുമ്പ് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിന് തൂക്കക്കുറവ് ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ ആശുപത്രിയില്‍ ദിവസങ്ങളോളം തുടരേണ്ടിവന്നു


കോലാപൂര്‍: മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍. കുഞ്ഞിന്‍റെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- മൂന്ന് മാസം മുമ്പ് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിന് തൂക്കക്കുറവ് ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ ആശുപത്രിയില്‍ ദിവസങ്ങളോളം തുടരേണ്ടിവന്നു. മഹോബത്ബിയും മകന്‍ ഷബീറും കൂലിപ്പണിക്കാരാണ്. ദിവസങ്ങളോളം ആശുപത്രിയില്‍ ചെലവഴിച്ചതോടെ ഷബീറിന്‍റെ വരുമാനം നിലച്ചു. പിന്നീട് ചികിത്സയ്ക്കുള്ള പണം മുഴുവന്‍ കണ്ടെത്തേണ്ടത് മഹോബത്ബിയുടെ ബാധ്യതയായി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കുഞ്ഞിന് മരുന്നും തുടര്‍ചികിത്സയും പാലോ പാല്‍പ്പൊടിയോ ഒക്കെ ഉള്‍പ്പെടെ പോഷകസമൃദ്ധമായ ഭക്ഷണവും നല്‍കണമെന്ന് ഡോക്ടര്‍മാര്‍ ഇവരോട് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇതിനെല്ലാമുള്ള പണം കയ്യിലില്ലാത്തതിനാലാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അവശനിലയിലായ കുഞ്ഞിനെ ഷബീറും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. അതേസമയം കുഞ്ഞിന്‍റെ കഴുത്തില്‍ പാടുകള്‍ കണ്ട ആശുപത്രി ജീവനക്കാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.