പൊലീസിന്‍റെ ശക്തമായ പരിശോധനകള്‍ ഉണ്ടെങ്കിലും ശബരിമലയിലെ ആചാരങ്ങള്‍ നടത്തുന്നതിനും കൂട്ടംകൂടി ശരണം വിളിക്കുന്നതിനും മറ്റം തടസങ്ങളിലെന്നുള്ള സന്ദേശം കേരളത്തിന് പുറത്തേക്കം എത്തിയതിന്‍റെ ഭാഗമാണ് തിരക്ക് വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍

പമ്പ: മണ്ഡലകാലം തുടങ്ങി പതിനാല് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ തിരക്കേറി. പ്രതിഷേധങ്ങളുടെ ശക്തി കുറഞ്ഞ് ശബരിമല ശാന്തമായതോടെയാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി കൂടുതലായി എത്തിത്തുടങ്ങിയിരിക്കുന്നത്. പമ്പയില്‍ ഇന്നും ഇന്നലെയുമായി വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ തവണത്തെ മണ്ഡലകാലത്തെ അപേക്ഷിച്ച് തിരക്കില്‍ കുറവുണ്ടായെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ പമ്പ വഴി ശബരിമലയിലേക്ക് പോയത്. ഇന്നും രാവിലെ മുതല്‍ വലിയ തിരക്കാണുള്ളത്.

പൊലീസിന്‍റെ ശക്തമായ പരിശോധനകള്‍ ഉണ്ടെങ്കിലും ശബരിമലയിലെ ആചാരങ്ങള്‍ നടത്തുന്നതിനും കൂട്ടംകൂടി ശരണം വിളിക്കുന്നതിനും മറ്റം തടസങ്ങളിലെന്നുള്ള സന്ദേശം കേരളത്തിന് പുറത്തേക്കും എത്തിയതിന്‍റെ ഭാഗമാണ് തിരക്ക് വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതര സംസ്ഥാനത്ത് നിന്ന് കൂട്ടമായി ഭക്തര്‍ എത്തുന്നുണ്ട്. പ്രതിഷേധങ്ങള്‍ നടത്താവാനില്ലെന്ന നിര്‍ദേശം മാത്രമാണ് പൊലീസ് മുന്നോട്ട് വെയ്ക്കുന്നത്. ഇത് പാലിക്കപ്പെടാനായി വന്‍ പൊലീസ് സന്നാഹങ്ങളും പമ്പയിലുണ്ട്. എന്നാല്‍, പൊലീസ് യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് ഭക്തര്‍ പ്രതികരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരാണ് കൂടുതലായി ഇപ്പോഴും ശബരിമലയില്‍ എത്തുന്നത്.