കൊച്ചി: കൊച്ചി പുതുവൈപ്പ് കടല്‍ത്തീരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട എല്‍പിജി സംഭരണകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഹരിതട്രൈബ്യൂണലിന്റെ സ്റ്റേ. തീരദേശസംരക്ഷണ നിയമം ലംഘിച്ചാണ് ഐഒസി സംഭരണകേന്ദ്രം സ്ഥാപിയ്‌ക്കുന്നതെന്ന് കാട്ടി പ്രദേശവാസികള്‍ നല്‍കിയ ഹ‍ര്‍ജിയിലാണ് ഉത്തരവ്.സ്ഥലത്ത് പരിശോധന നടത്തി റിപ്പോ‍ര്‍ട്ട് നല്‍കാന്‍ പരിസ്ഥിതിമന്ത്രാലയത്തിന്റെ പ്രതിനിധി ഉള്‍പ്പടെയുള്ള മൂന്നംഗസമിതി രൂപീകരിയ്‌ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ജസ്റ്റിസ് പി ജ്യോതിമണി അദ്ധ്യക്ഷനായ ഹരിതട്രൈബ്യൂണലിന്റെ ചെന്നൈ ബെ‌ഞ്ചിന്റേതാണ് ഉത്തരവ്. കൊച്ചി എളങ്കുന്നപ്പുഴയിലെ പുതുവൈപ്പ് കടല്‍ത്തീരത്ത് ജനവാസമേഖലയോട് ചേര്‍ന്ന് നിര്‍മ്മിയ്‌ക്കുന്ന ഇന്ത്യന്‍ ഓയില്‍ കോ‍ര്‍പ്പറേഷന്റെ എല്‍പിജി സംഭരണടാങ്ക് തീരദേശസംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മ്മിയ്‌ക്കുന്നതെന്ന് കാട്ടിയാണ് പ്രാദേശികവാസികള്‍ ദേശീയ ഹരിതട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.

സംഭരണകേന്ദ്രത്തിനെതിരെ പ്രദേശത്ത് വലിയ ജനകീയപ്രക്ഷോഭവും അരങ്ങേറിയിരുന്നു.2010 ലാണ് പദ്ധതിയ്‌ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചത്. കേരളത്തിലെ എല്‍പിജി ക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് 15,400 ടണ്‍ ശേഷിയുള്ള സംഭരണടാങ്ക് നിര്‍മ്മാണത്തിനുള്ള പദ്ധതി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ അപകടസാധ്യതയുള്ള പദ്ധതി ജനവാസകേന്ദ്രത്തിനു ചേര്‍ന്ന് നിര്‍മ്മിയ്‌ക്കുന്നതിനെതിരെ പ്രാദേശികവാസികള്‍ രംഗത്തെത്തിയതോടെ പ‍ഞ്ചായത്ത് പദ്ധതിയ്‌ക്ക് അനുമതി നിഷേധിച്ചു.

എന്നാല്‍ പ്ലാന്റിന്റെ നി‍ര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെയാണ് പ്രാദേശികവാസികള്‍ ഹരിതട്രൈബ്യൂണലിനെ സമീപിച്ചത്. തീരദേശസംരക്ഷണ നിയമം ലംഘിച്ച് സ്ഥലം മണ്ണിട്ടു നികത്തുകയാണെന്നും അപകടസാധ്യത സംബന്ധിച്ച് പ്രാദേശികവാസികളില്‍ ഭീതി നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അപകടസാധ്യത പൂര്‍ണമായും ഇല്ലാതാക്കാനായി ഭൂമിയ്‌ക്കടിയില്‍ കോണ്‍ക്രീറ്റ് അറ പണിത് അതിലാണ് എല്‍പിജി സംഭരിയ്‌ക്കുകയെന്ന് സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ സ്ഥലത്തെ നി‍ര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കാന്‍ ഹരിതട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.സ്ഥലത്ത് വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെയും തീരദേശസംരക്ഷണ അതോറിറ്റിയിലെയും പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിയ്‌ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഇനി അടുത്ത മാസം രണ്ടിന് പരിഗണിയ്‌ക്കും.