പെണ്‍കുട്ടിയുടെ സഹോദരനും സംഘവുമാണ് കെവിനെ കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.
മാന്നാനം: വീട്ടുകാരുടെ എതിര്പ്പ് മറികടന്ന് കാമുകിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുകള് തട്ടിക്കൊണ്ടു പോയതായി പരാതി. കോട്ടയം മാന്നാനത്താണ് സംഭവം. കുമാരനെല്ലൂര് സ്വദേശി കെവിനെയാണ് ഒരു സംഘം ആളുകള് വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയത്. പെണ്കുട്ടിയുടെ സഹോദരനും സംഘവുമാണ് കെവിനെ കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. ഇവര്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഭര്ത്താവിനെ കാണാനില്ലെന്ന പരാതി നല്കിയിട്ടും പൊലീസ് ആദ്യം നടപടി സ്വീകരിച്ചില്ലെന്ന് കെവിന്റെ ഭാര്യ പറയുന്നു.
പത്താനപുരം സ്വദേശിയായ പെണ്കുട്ടിയെ നേരത്തെ കെവിന് രജിസ്റ്റര് വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞാണ് പെണ്കുട്ടിയുടെ സഹോദരന് ആളുകളുമായി കെവിന്റെ വീട്ടിലെത്തിയത്. മൂന്ന് കാറുകളിലായാണ് ഇവര് വന്നതെന്ന് കെവിന്റെ ബന്ധുകള് പറയുന്നു.
കെവിനുമായി സംഘം തെന്മലയിലെത്തിയതായി മനസ്സിലായിട്ടുണ്ടെന്നും ഇവരെ ഉടന് അറസ്റ്റ് ചെയ്യുമെന്ന് ഗാന്ധിനഗര് എസ്.ഐ ഷിബു അറിയിച്ചു. സംഭവത്തെ തുടര്ന്ന് പെണ്കുട്ടിയെ ഗാന്ധിനഗര് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിനിടെ പെണ്കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള് പത്തനാപുരം സ്റ്റേഷനിലും പരാതി നല്കി. ഇതോടെ പെണ്കുട്ടിയെ കോടതിയില് ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
രാവിലെ നടന്ന സംഭവത്തില് വൈകുന്നേരമായിട്ടും നടപടി ഉണ്ടാവാത്തതില് പ്രതിഷേധിച്ച് കെവിന്റെ ബന്ധുകളും സുഹൃത്തുകളും പ്രതിഷേധവുമായി ഗാന്ധിനഗര് സ്റ്റേഷന് മുന്നില് തടിച്ചുകൂടിയിരിക്കുകയാണ്. വിഷയം വാര്ത്തയായതിനെ തുടര്ന്ന് ഡിവൈഎസ്പി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥര് വിഷയത്തില് ഇടപെട്ടിട്ടുണ്ട്.
