നവവരനെ തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെത്തി പെൺകുട്ടിയുടെ സഹോദരനാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്ഷേപം
കോട്ടയം: കോട്ടയത്ത് പ്രേമിച്ച് വിവാഹം കഴിച്ച നവവരനെ പെൺകുട്ടിയുടെ വീട്ടുകാർ വീടാക്രമിച്ച് തട്ടികൊണ്ട് പോയി. പരാതി നൽകിയിട്ടും പൊലീസ് ആദ്യം സ്വീകരിച്ചില്ലെന്ന് കെവിന്‍റെ വീട്ടുകാർ ആരോപിക്കുന്നു. അതിനിടെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച ഒരു കാർ രാത്രിയോടെ തെന്മലയിൽ നിന്ന് കണ്ടെത്തി.
കുമാരനെല്ലൂർ സ്വദേശി കെവിനും തെന്മല സ്വദേശി നീനുവും തമ്മിൽ രണ്ട് ദിവസം മുൻപാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പെൺവീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹത്തിന് ശേഷം പെൺകുട്ടിയെ താമസിക്കുന്ന ഹോസ്റ്റലിലേക്ക് വിട്ടു. കെവിൽ ബന്ധുവായ മനീഷിന് താമസിക്കുന്ന മാന്നനത്തെ വീട്ടിലേക്കും പോയി. ഇവിടെ പെൺകുട്ടിയുടെ സഹോദരനും സംഘവും വന്ന് ആക്രമിച്ചുവെന്നാണ് മനീഷിന്റ മൊഴി.
മനീഷനെ സംഘം ഇടക്ക് ഇറക്കി വിട്ടുവെന്നും പെൺകുട്ടിയെ വിട്ട് തന്നാൽ കെവിനെ തരാമെന്ന് ഭീഷണിപ്പെടുത്തന്നതായും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടിയും കെവിന്‍റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.
കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊല്ലം തിരുവനന്തപുരം പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തെന്മല ഇടമണിൽ നിന്ന് കണ്ടെത്തിയത്. വാഹന ഉടമ ഇബ്രാഹിം കുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വാഹനം ബന്ധു കൊണ്ടുപോയതെന്നാണ് ഇയാൾ പറയുന്നത്. മൂന്ന് വാഹനങ്ങളിലായാണ് സംഘം കെവിനെ തട്ടിക്കൊണ്ട് പോകാൻ വന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവർ തമിഴ് നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
