തിരുവനന്തപുരം: കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നു. ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര സര്‍വ്വേ. ഈ സാഹചര്യത്തിൽ, ജലസംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് കേന്ദ്ര ഭൂജല ബോർഡ് നല്‍കുന്ന മുന്നറിയിപ്പ്. 

നൂറ്റാണ്ടിലെ വരൾച്ചയെ അതിജീവിച്ചെങ്കിലും ഈ വർഷവും കേരളം വരൾച്ചാ ഭീഷണിയിൽ തന്നെ . ഭൂഗര്‍ഭ ജലനിരപ്പില് ദേശീയ ശരാശരിയെക്കാളും പിന്നാലാണ് കേരളമെന്നാണ് കേന്ദ്ര ഭൂജല ബോർഡിന്റെ കണ്ടെത്തൽ. കിണറുകളിലെ ജലനിരപ്പ് ശരാശരി ഒന്നര മീറ്റർ താഴ്ന്നിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെ. കേരളത്തിലെ 1366 കിണറുകൾ പരിശോധിച്ചതിൽ 957ലും വെള്ളം കുറഞ്ഞു. വേനല്‍ തുടങ്ങും മുമ്പേ, വര്‍ഷാദ്യം തന്നെ 70 ശതമാനം കിണറുകളിലും വെള്ളം കുറവെന്നര്‍ത്ഥം. 

ദേശീയതലത്തിൽ, ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിലാണ് കേരളത്തിന്റെ സ്ഥാനം. തുലാവര്ഷം തുണച്ചതിനാല്‍ തെക്കൻ കേരളത്തിന് ആശ്വസിക്കാം വടക്കൻ ജില്ലകളിലാകും വരൾച്ച രൂക്ഷം. ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കി ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.