തിരുവനന്തപുരം: സംസ്ഥാനത്തെ ഓഖി ബാധിത പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തുന്നു. ചൊവ്വാഴ്ച മുതൽ നാല് ദിവസമാണ് സംഘം ഓഖി ബാധിത മേഖലകൾ സന്ദര്‍ശിക്കുന്നത് . അതിനിടെ കടലിൽ കാണാതായവര്‍ക്ക് വേണ്ടി തിരച്ചിൽ ഊര്‍ജ്ജിതമാക്കിയെന്നും ക്രിസ്മസ് അടുപ്പിച്ച് ഏറെ പേര്‍ തിരിച്ചെത്താനിടയുണ്ടെന്നും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കേന്ദ്രസഹായം അടിയന്തരമായി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് മുന്നിൽ വച്ച പുനരധിവാസ പാക്കേജിലെ ആവശ്യം 7340 കോടി രൂപയാണ് . അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിന് പിന്നാലെയാണ് കേന്ദ്ര സംഘം വരുന്നത്. ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നാലു ദിവസം കേരളത്തിലുണ്ടാകും. 

തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂര്‍ മുതൽ വടക്കൻ കേരളത്തിലെ ഓഖി ബാധിത പ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സന്ദര്‍ശനം. സംഘത്തിന്റെ വിലയിരുത്തൽ അനുസരിച്ചാവും കേരളത്തിനുള്ള കേന്ദ്ര സഹായം . അതേസമയം കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വലിയ ബോട്ടുകളിൽ പോയ മത്സ്യതൊഴിലാളികൾ പലരും ക്രിസ് മസ് അടുപ്പിച്ച് തിരിച്ച് വരുമെന്നാണ് പ്രതീക്ഷ . അതിന് ശേഷമെ കാണാതായവരുടെ കൃത്യമായ കണക്കുണ്ടാക്കാനാകൂ എന്നാണ് വിലയിരുത്തൽ.