ദുബായ്: പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി ഗള്‍ഫില്‍ നിന്നുള്ള കാര്‍ഗോ സംവിധാനത്തെ താറുമാറാക്കി. കസ്റ്റംസ്തീരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നനിര്ദേശം വന്നതോടെ നാലു ദിവസമായി ഗള്‍ഫ് മേഖലയിലെ കാര്‍ഗോ സ്ഥാപനങ്ങള്‍ പാര്‍സലുകള്‍ ഏറ്റെടുക്കാതായി. നൂറുകണക്കിന് ടണ്‍ പാര്‍സലുകളാണ് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20,000 രൂപയുടെ സാധനങ്ങള്‍ നിലവില്‍ നികുതിയില്ലാതെ കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കാമായിരുന്നു. എന്നാല്‍ ജി.എസ്.ടി വന്നതോടെ ഇത് റദ്ദാക്കി. ഇനിമുതല്‍ കസ്റ്റംസ്തീരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നാണ്നിര്ദേശം. 10 ശതമാനം അടിസ്ഥാന കസ്റ്റംസ്തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ്എന്നിവയാണ് അടക്കേണ്ടത് 41 ശതമാനത്തോളം വരുമിത്. 20,000 രൂപയുടെ സാധനമയക്കാന്‍ നിലവില്‍ 8,200 രൂപ നികുതിയടക്കണമെന്ന നിര്‍ദേശം കാര്‍ഗോ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
പുതിയ നിര്‍ദേശം വന്നതോടെ നാലു ദിവസമായി ഗള്‍ഫ് മേഖലയിലെ കാര്‍ഗോ സ്ഥാപനങ്ങള്‍ പാര്‍സലുകള്‍ ഏറ്റെടുക്കാതായി. കയറ്റി അയച്ച നൂറുകണക്കിന് ടണ്‍ പാര്‍സലുകള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കെട്ടിക്കെടക്കുകയാണ്. ഇതുസംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ നാട്ടിലെത്തിയ സാധനങ്ങള്‍ പഴയ നിരക്കില്‍ തന്നെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഗോ സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടുലക്ഷത്തോളം പേര്‍ കാര്‍ഗോ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.ഇവരില്‍ 90 ശതമാനവും മലയാളികളാണ്.
