ദില്ലി: ചരക്കുസേവന നികുതി ബില്‍ നാളെ രാജ്യസഭ പാസാക്കും. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഒമ്പത് ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടു വന്നു. ചില വ്യവസ്ഥകളില്‍ വ്യക്തത ആവശ്യപ്പെടുമെന്നും ഇത് നല്‍കിയില്ലെങ്കില്‍ ഭേദഗതി നിര്‍ദ്ദേശിക്കുമെന്നും സിപിഎം അറിയിച്ചു. 

രാജ്യത്തുടനീളം ഏകീകൃത നികുതി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ലോക്‌സഭ പാസാക്കിയ 122ാം ഭരണഘടനാഭേദഗതി ബില്ലിന് നാളെ രാജ്യസഭയിലും പച്ചവെളിച്ചം കിട്ടിയേക്കും. ലോക്‌സഭ പാസ്സാക്കിയ ബില്ലിലെ ചില സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി ഈടാക്കാനുള്ള അവകാശം എടുത്തു കളയുന്നതുള്‍പ്പടെ ഒമ്പത് ഭേദഗതികള്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി കൊണ്ടു വന്നു. ഒപ്പം തര്‍ക്കപരിഹാരത്തിന് പ്രത്യേക സംവിധാനം എന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശവും അംഗീകരിച്ചു. എന്നാല്‍ നികുതിപരിധി പതിനെട്ട് ശതമാനമായി നിജപ്പെടുത്തുന്ന വ്യവസ്ഥ ഭരണഘടനാ ബില്ലിലുണ്ടാവില്ല. കോണ്‍ഗ്രസ് അംഗീകരിച്ചെങ്കിലും സിപിഎം ഇപ്പോഴും പിന്തുണയ്ക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല

നിലവില്‍ 243 അംഗങ്ങളുള്ള രാജ്യസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ വേണം. എല്ലാവരും വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 162ഉം. എന്‍ഡിഎയ്‌ക്കൊപ്പം തൃണമൂല്‍ ഉള്‍പ്പടെ പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ വോട്ടുചെയ്താലും മൂന്നില്‍ രണ്ടു ഭുരിപക്ഷത്തിന് പത്തു വോട്ടിന്റെ കുറവു വരും. അതു കൊണ്ടാണ് 60 സീറ്റുള്ള കോണ്‍ഗ്രസിനെയും ഒമ്പത് സീറ്റുള്ള ഇടതുപക്ഷത്തെയും ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.എന്തായാലും സുപ്രധാനമായ ഈ നിയമത്തിന്റെ കാര്യത്തില്‍ അവസാന നാടകങ്ങള്‍ക്ക് രാജ്യസഭ തയ്യാറെടുക്കുകയാണ്.