ദില്ലി: ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര ബില്ലുകള്‍ക്ക് രാജ്യസഭയുടെയും പച്ചക്കൊടി. ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഒരു മാറ്റവും വരുത്താതെയാണ് രാജ്യസഭ അംഗീകാരം നല്കിയത്. സിപിഎമ്മിന്റെ ഭേദഗതി കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് വോട്ട് ചെയ്ത് പരാജയപ്പെടുത്തി.

ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഒടുവില്‍ പാര്‍ലമെന്റിന്റെ പച്ചക്കൊടി. ലോക്‌സഭ പാസാക്കിയ നാല് ബില്ലുകള്‍ അതേപടി രാജ്യസഭ പാസ്സാക്കി. ബില്ലിന് ഭേദഗതി നിര്‍ദ്ദേശിച്ച തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും വോട്ടെടുപ്പ് വേണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ സിപിഎം ഭേദഗതി വോട്ടിനിട്ടപ്പോള്‍ 111 വോട്ടുകള്‍ എതിര്‍ത്തും വെറും 9 വോട്ടുകള്‍ അനുകൂലിച്ചും കിട്ടി. ഭേദഗതിയില്‍ ധാരണയുണ്ടാക്കാന്‍ സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ബില്ലിനെ എതിര്‍ക്കരുതെന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിലപാടിന് പാര്‍ട്ടിക്കുള്ളില്‍ ഒടുവില്‍ അംഗീകാരം കിട്ടുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണയെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സ്വാഗതം ചെയ്തു. നികുതി നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ജിഎസ്ടി കൗണ്‍സിലിനു പകരം പാര്‍ലമെന്റിനു നല്കണമെന്ന നിലപാട് ജയ്റ്റ്‌ലി തള്ളി.

ബില്ല് രാഷ്ട്രപതി ഒപ്പുവച്ച ശേഷം സംസ്ഥാന നിയമസഭകള്‍ കൂടി സമാന നിയമം അംഗീകരിക്കുന്നതോട ഇന്ത്യന്‍ നികുതിഘടനയിലെ വന്‍മാറ്റത്തിന് കളമൊരുങ്ങും.