ഗുജറാത്ത് : ഗുജറാത്തില്‍ 93 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. പ്രധാനമന്ത്രി വെളുക്കാനായി 80,000 വിലയുള്ള 5 കൂണുകള്‍ ദിവസവും കഴിക്കാറുണ്ടെന്ന അല്‍പേഷ് ഠാക്കൂറിന്റെ പ്രസംഗമാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഏറ്റവും വലിയ ചര്‍ച്ചയായത്. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മധ്യഗുജറാത്തിലെയും വടക്കന്‍ ഗുജറാത്തിലെയും 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 

മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, വഡ്ഗാമില്‍ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി രാധന്‍പൂരില്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ശനിയാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രണ്ടാംഘട്ടത്തിലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച ഇരു പാര്‍ട്ടികളും കൊണ്ടുപിടിച്ച പ്രചരണമാണ് നടത്തിയത്. ഗുജറാത്തില്‍ ജയിക്കാനായി കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി ഗുഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ വിവാദമുണ്ടാക്കി. പാക്കിസ്ഥാനെയും ജപ്പാനെയും കുറിച്ച് പറയാതെ ഗുജറാത്തിനെകുറിച്ച് ചര്‍ച്ചചെയ്യൂ എന്നായിരുന്നു രാഹുലിന്റെ മറുപടി. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് അഭിമാന പോരാട്ടമാണ്. രാഹുല്‍ അധ്യക്ഷ പദവിയിലേക്കെത്തുന്നത് ഗുജറാത്ത് പിടിച്ചുകൊണ്ടാകണമെന്ന് കോണ്‍ഗ്രസും ആശിക്കുന്നു. അടുത്ത തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

നരേന്ദ്രമോദിയുടെ കീഴില്‍ ബിജെപിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വാശിയേറിയ പ്രചാരണമാണ് ഗുജറാത്തില്‍ നടത്തിയത്. വോട്ടെടുപ്പിന് തൊട്ടുമുന്നെ വരുന്ന സര്‍വ്വെ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പട്ടേല്‍ നേതാവ് സര്‍ക്കാരിനെതിരെ കൂറ്റന്‍ റാലികള്‍ നടത്തിയത് 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച 89 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 68 ശതമാനമായിരുന്നു പോളിംഗ്.