ഗുജറാത്ത്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയും മന്ത്രവാദികളുമായി ഇടപഴകുകയും ചെയ്ത ഗുജറാത്തിലെ രണ്ട് ബിജെപി മന്ത്രിമാര്‍ വിവാദത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസറവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാര്‍ എന്നിവരാണ് വിവാദത്തില്‍പ്പെട്ടത്. ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. നൂറോളം മന്ത്രവാദികളാണ് ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്.
മന്ത്രവാദിമാര്‍ ബാധ ഒഴിപ്പിക്കുമ്പോള്‍, മന്ത്രിമാര്‍ സ്റ്റേജില്‍ ഇരുന്ന് ഇതു നിരീക്ഷിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മന്ത്രവാദികള്‍ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആ മേഖലയിലെ എംഎല്‍എമാരും ഇതില്‍ പങ്കെടുത്തെന്നുമാണ് റിപ്പോര്‍ട്ട്. ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെത്തിയ നൂറോളം മന്ത്രവാദികള്‍ക്ക് രണ്ടു മന്ത്രിമാരും ഹസ്തദാനം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
ദിവ്യശ്കതിയെ ആരാധിക്കുന്ന ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു. അവര്‍ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നവര്‍ അല്ലെന്നും മന്ത്രി പറഞ്ഞു.
