ഗുജറാത്ത് : ഗുജറാത്തിൽ കോൺഗ്രസ് 77 പേരടങ്ങിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. പട്ടേൽ സമുദായത്തിൽപെട്ട 20 പേർക്ക് ഇടം നല്‍കിയാണ് പട്ടിക രൂപീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി രംഗത്തെത്തി.
ബിജെപി ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് ഗുജറാത്തിൽ ഉള്ളതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമ തീയതി നാളെയാണെന്നിരിക്കെ കോൺഗ്രസ് ആദ്യഘട്ട സി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്നായ ശക്തിസിംഗ് ഗോഹിൽ സിറ്റിംഗ് സീറ്റ് വിട്ട് കച്ചിലെ മാണ്ഡവിയിൽ നിന്നും ജനവിധിതേടും. മുതിർന്ന നേതാവ് അർജുൻ മോദ്വാഡിയ പോർബന്ധറിൽ നിന്നാണ് മത്സരിക്കുക.
ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് രാജ്കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഇന്ത്രാനിൽ രാജ്യഗുരുവും തമ്മിലാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 77 സ്ഥാനാർത്ഥികളിൽ 20പേർ പട്ടേൽ സമുദായത്തിൽനിന്നുള്ളവരാണ്. കോൺഗ്രസുമായുള്ള അഭിപ്രായ വത്യാസങ്ങൾ പറഞ്ഞു തീർത്തെന്നും ഹർദിക് പട്ടേൽ ഇന്ന് രാജ്കോട്ടിലെ പൊതുസമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പട്ടേൽ അനാമത് ആന്തോളൻ സമിതി വ്യക്തമാക്കി.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള 11 പേരും പട്ടികജാതി വിഭാഗത്തിൽപെട്ട ഏഴ് പേരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. 22 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സമുദായ നേതാക്കളെ കൂട്ടുപിടിച്ച് കടുത്ത പോരാട്ടം നടത്തുകയാണ് കോൺഗ്രസ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ 9 14 തീയതികളിൽ 2ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 18 ന് ഹിമാചൽ പ്രദേശിനൊപ്പമാണ് വോട്ടെണ്ണൽ.
