ഗാന്ധിനഗര്‍: ജിഎസ്ടി, നോട്ട് നിരോധനം, വിവിധ ജാതികളുടെ അതൃപ്തി എന്നിവയില്‍ ഗുജറാത്ത് ബിജെപി വലിയ പ്രതിസന്ധിയാണ് ഗുജറാത്തില്‍ നേരിട്ടുകൊണ്ടിരുന്നത്. പരമ്പരഗതമായ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ ശരിക്കും പ്രതിഫലിച്ചിരുന്നു എന്നാണ് ഗുജറാത്തില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തിയത്. മുഖ്യമന്ത്രി വിജയ് രൂപാനിയോ മറ്റ് പ്രദേശിയ നേതാക്കളോ വലിയ ഘടകമല്ലാത്ത അവസ്ഥ. പട്ടേല്‍ വിഭാഗത്തിന്‍റെ അതൃപ്തി ഹാര്‍ദ്ദിക്ക് പട്ടേലിലൂടെ വോട്ടാക്കുവാന്‍ കോണ്‍ഗ്രസ് ഉറച്ച നാളുകളായിരുന്നു അവസാനം.

അമിത് ഷായ്ക്ക് പോലും തന്ത്രങ്ങള്‍ ചിലപ്പോള്‍ പാളുന്നോ എന്ന് തോന്നിയ നാളുകളില്‍ രാഷ്ട്രീയ വിജയത്തിലേക്ക് ബിജെപിയെ നയിച്ചത് മോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ്. സൂറത്ത് പോലെയുള്ള വ്യവസായ നഗരത്തില്‍ ബിജെപി കടുത്ത പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുന്‍പുവരെ നേരിട്ടത്. എന്നാല്‍ മോദിയുടെ റാലികളാണ് ഇവിടുത്തെ സ്ഥിതി മാറ്റിയത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ വികസന മുദ്രവാക്യങ്ങള്‍ റാലികളില്‍ ഉയര്‍ത്തിയിരുന്ന മോദി എന്നാല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ രീതികള്‍ മാറ്റി. മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വ്യക്തിപരമായി തനിക്കെതിരെ നീളുന്ന കാര്യമായി മോദി അവതരിപ്പിച്ചു. ഗുജറാത്തിന്‍റെ പുത്രന്‍ എന്ന ലേബല്‍ വീണ്ടും എടുത്തു. ഈ വൈകാരിക പ്രചരണം അവസാനഘട്ടത്തില്‍ ഏറ്റുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയെ തുണച്ച നഗരപ്രദേശങ്ങളില്‍ അവസാനഘട്ടത്തില്‍ തീവ്രഹിന്ദു പ്രചരണങ്ങളും ബിജെപി നടത്തിയെന്നത് വ്യക്തമാണ്. 2002ലെ വര്‍ഗ്ഗീയ കലാപം നടന്ന പ്രദേശങ്ങളില്‍ ബിജെപി നില ശക്തമായി തന്നെ തുടര്‍ന്നത് ഇതിന്‍റെ ഫലമാണ്.

ഒരുഘട്ടത്തില്‍ ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങളില്‍ മോദി തന്നെ പ്രസ്താവന നടത്തിയെന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല മോദി റാലി നടത്തിയ പ്രദേശങ്ങളില്‍ ബിജെപി മികച്ച വിജയവും കൈവരിച്ചതായി ഫലത്തില്‍ കാണാം. ഗ്രാമങ്ങളില്‍ നേരിട്ട തിരിച്ചടിയെ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ നഗരങ്ങളില്‍ മോദിയെ മുന്നില്‍ നിര്‍ത്തി മറികടക്കുവാന്‍ ബിജെപിക്കായി.

അതേ സമയം ആദിവാസി, ഒബിസി മേഖലകളില്‍ കോണ്‍ഗ്രസ് ഉറച്ചതെന്ന് കരുതിയ വോട്ട് ബാങ്കില്‍ കടന്ന് കയറി. പട്ടേല്‍ മറ്റ് ജാതി വിഭാഗങ്ങളിലുണ്ടായ അതൃപ്തിയിലൂടെ ഉണ്ടായ വോട്ട് ചോര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും ബിജെപിക്ക് സാധിച്ചുവെന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.