അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തണുപ്പ് കാരണം പതിയെയാണ് പോളിംഗ് നടന്നത്. ഉച്ചയോടെ സൂറത്ത്, രാജ്കോട്ട് അടക്കമുള്ള നഗരങ്ങളിലെ ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമായി. ചിലയിടങ്ങളില്‍ ഇവിഎം തകരാറിലായതിനെതുടര്‍ന്ന് പോളിംഗ് വൈകി.

പോര്‍ബന്ദറില്‍ ഇവിഎഎം ബ്ലൂട്ടൂത്ത് വഴി പുറത്തുനിന്ന് നിയന്ത്രിക്കുന്നുന്നുണ്ടെന്നാരോപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോഡ്വാഡയ കമ്മീഷനില്‍ പരാതി നല്‍കി. ഇവിഎം എഞ്ചിനിയര്‍മാരെത്തി ഇവിടെ പരിശോധന നടത്തി. രാജ്കോട്ടില്‍ വോട്ടുചെയ്ത മുഖ്യമന്ത്രി ബിജെപിക്ക് വെല്ലുവിളി ഇല്ലെന്ന് പറഞ്ഞു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലൂണവാഡയില്‍ പ്രചാരണം റാലിനടത്തിയ മോദി തന്റെ പിതൃത്വം വരെ കോണ്‍ഗ്രസുകാര്‍ ചോദ്യംചെയ്യുകയാണെന്ന് ആരോപിച്ചു.

സല്‍മാന്‍ നിസാമി എന്നയൂത്ത് കോണ്‍ഗ്രസ് നേതാവ് മോദിയുടെ പിതാവാരെന്ന് ട്വീറ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് മോദി ഇതുപറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു നേതാവ് യൂത്ത് കോണ്‍ഗ്രസിനില്ലെന്നും ബിജെപിയുടെ നാടകമാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല തിരിച്ചടിച്ചു. ഹാരിജില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ഗുജറാത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പകരം സ്വന്തംകാര്യം മാത്രം പറയുകയാണെന്ന് ആരോപിച്ചു.