അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേലിന്‍റെ റാലി. ജിഎസ്ടിയും നോട്ടുനിരോധവും ഗുജറാത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഹാര്‍ദിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച സൂറത്തില്‍ ഏഴുപതിനായിരത്തിലധികം പേരെ അണിനിരത്തി റാലിനടത്തിയ ഹാര്‍ദിക് അഹമ്മദാബാദിലും ജനങ്ങളെ ഇളക്കി മറിച്ചു.

ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന 89 എണ്ണത്തില്‍ 60 സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്നും ഹാര്‍ദിക് വ്യക്തമാക്കി. രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണം തുടരുകയാണ്. സംസ്ഥാന വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാതെ ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദി രാഹുല്‍ പോരാട്ടമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്.

ജാതിനേതാക്കളുമായി സഖ്യമുണ്ടാക്കിയും മൃദുഹിന്ദുത്വ കാര്‍ഡിറക്കിയുമായിരുന്നു രാഹുലിന്റെ പ്രചാരണം. ഇന്ന് വൈകുന്നേരം അഹമ്മദാബാദില്‍ നടക്കാനിരുന്ന മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്‌ക്ക് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നല്‍കിയില്ല.