ഗാന്ധിന​ഗർ: ഇനി മുതൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഹാജറിന് പകരം ജയ്ഹിന്ദ് പറയണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ്.​ ഗുജറാത്ത് ഹയർസെക്കന്ററി-സെക്കന്ററി എജ്യൂക്കേഷൻ ബോർഡ്, ഡയറക്ടർ പ്രൈമറി എജ്യൂക്കേഷൻ എന്നിവര്‍ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ‘ജയ് ഭാരത്’ അല്ലെങ്കില്‍ ‘ജയ് ഹിന്ദ്’ എന്ന് എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പറയണമെന്നാണ് ഉത്തരവ്. സ്കൂൾ തലം മുതലേ കുട്ടികളില്‍ ദേശീയതയും രാജ്യസ്നേഹവും വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സർക്കാർ സ്കൂളുകൾക്ക് പുറമെ എയ്ഡഡ്-സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. സംഘപരിവാർ വിദ്യാര്‍ത്ഥി സംഘടയായ എ ബി വി പിയുടെ യൂത്ത് അവാർഡ് സ്വന്തമാക്കിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. നേരത്തെ തന്റെ വിദ്യാർത്ഥികൾ ഹജറിന് പകരം ജയ് ഹിന്ദ് ജയ് ഭാരത് എന്നിവ പറയണമെന്ന്  ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സന്ദീപിന് യശ്വന്ത്റാവു ഖേല്‍ക്കര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. 

അതേ സമയം യശ്വന്ത്റാവു ഖേല്‍ക്കര്‍ പുരസ്കാരം നേടിയ അധ്യാപകനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരമൊരു തീരുമാനം പുറപ്പെടുവിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദസാമ പറഞ്ഞു. മുമ്പ് ​ഗുജറാത്തിൽ ഈ രീതി നില നിന്നിരുന്നുവെന്നും എന്നാൽ പിന്നീട് ആ വഴക്കം താനെ നിന്നു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.