നര്‍മ്മദ ജില്ലയിലെ രാജ്പിപ്‍ലയിലാണ് വിമാനത്താവളം നിര്‍മ്മിക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നേതൃത്വവുമായി നടത്തിയെന്നും രൂപാണി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു 

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കായി എയര്‍പോര്‍ട്ട് നിര്‍മ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. എയര്‍പോര്‍ട്ട് മാത്രമല്ല റെയില്‍വേ ഗതാഗതസൗകര്യം നീട്ടാനുള്ള തീരുമാനവും കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് വിജയ് രൂപാണി അറിയിച്ചു. 

നര്‍മ്മദ ജില്ലയിലെ രാജ്പിപ്‍ലയിലാണ് വിമാനത്താവളം നിര്‍മ്മിക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നേതൃത്വവുമായി നടത്തിയെന്നും രൂപാണി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 

ഇതോടൊപ്പം റെയില്‍ ഗതാഗതസൗകര്യം, പ്രതിമ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടരികിലേക്ക് വ്യാപിപ്പിക്കുന്നതിനായി റെയില്‍വേ ബോര്‍ഡുമായും ചര്‍ച്ചകള്‍ നടത്തിയെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. 

പ്രതിമ കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നര്‍മ്മദാനദിയുടെ തീരത്തായി 597 അടി ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള സര്‍ദാര്‍ പ്രതിമ ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.