150 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ജയ്പൂരിലേക്ക് റെയില്‍വേ ട്രാക്കിലൂടെ മാര്‍ച്ച് നടത്തുകയാണ് പ്രതിഷേധക്കാര്‍. അഞ്ച് ശതമാനം സംവരണമെന്ന തങ്ങളുടെ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഗുജ്ജര്‍ നേതാവായ കിറോറി സിംഗ് പറഞ്ഞു
ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അരങ്ങ് ഒരുങ്ങുന്നതിനിടെ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജസ്ഥാനില്‍ ഗുജ്ജറുകള്‍ ശക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം വരെ തടസപ്പെടുത്തിയാണ് പ്രക്ഷോഭം മുന്നോട്ട് പോകുന്നത്.
രാജസ്ഥാനിലെ മധോപൂരില്‍ നൂറുകണക്കിന് ആളുകളാണ് റെയില്‍വേ ട്രാക്കില്‍ ഇറങ്ങി പ്രതിഷേധം നടത്തിയത്. ഇതോടെ മുംബെെ-ദില്ലി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൂടാതെ, നിരവധി ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തിവെയ്ക്കേണ്ടിയും വന്നു. 150 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ജയ്പൂരിലേക്ക് റെയില്‍വേ ട്രാക്കിലൂടെ മാര്‍ച്ച് നടത്തുകയാണ് പ്രതിഷേധക്കാര്‍.
അഞ്ച് ശതമാനം സംവരണമെന്ന തങ്ങളുടെ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഗുജ്ജര്‍ നേതാവായ കിറോറി സിംഗ് പറഞ്ഞു. ഇതോടെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഗുജ്ജര്‍ നേതാക്കളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
2017ല്‍ അന്നത്തെ ബിജെപി സര്‍ക്കാരാണ് പ്രക്ഷോഭം ശക്തമായതോടെ ഗുജ്ജറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം വാഗ്ദാനം ചെയ്തത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് 21 ശതമാനം സംവരണം ഗുജ്ജറുകളെയും കൂടെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 26 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷേ, ആകെ സംസ്ഥാനത്തെ സംവരണം 50 ശതമാനത്തിന് മുകളിലായതോടെ ഹെെക്കോടതി ഈ നീക്കം തടയുകയായിരുന്നു.
