ഗള്‍ഫ് രാജ്യങ്ങളുടെ 2017 -2018 വര്‍ഷത്തേക്കുള്ള ആഭ്യന്തര ഉല്‍പാദന നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ശരാശരി വളര്‍ച്ചാ നിരക്ക് 1.6 ശതമാനമായി കുറയുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സാമ്പത്തിക മേഖലയിലെ അന്തരാഷ്‌ട്ര ഗവേഷണ സ്ഥാപനം വെളിപ്പെടുത്തി.

നടപ്പു വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മിക്ക ബജറ്റുകളും കമ്മി ബജറ്റുകളാണെന്നും ഇത് ആഭ്യന്തര ഉല്‍പാദന മേഖലയിലെ ഗള്‍ഫ് രാജ്യങ്ങളുടെ ഇടര്‍ച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതി സന്ധിയാണ് സാമ്പത്തിക രംഗത്തു ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആളോഹരി വരുമാനം കുറഞ്ഞ സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുമെന്നു കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഖത്തര്‍ , യുഎഇ , കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നാലു ശതമാനത്തോളം ധന കമ്മി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. 2016നെ അപേക്ഷിച്ചു 2017ലും 2018ലും ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ ആളോഹരി കട ബാധ്യതകള്‍ വര്‍ധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മൂഡീസ് റിപ്പോര്‍ട് പ്രകാരം വെറും പത്തു ശതമാനമായിരുന്നു 2014 ലെ ആളോഹരികട ബാധ്യതയെങ്കില്‍ 2018 ല്‍ ഇത് 32 ശതമാനായി വര്‍ധിക്കും. വരുമാന മാര്‍ഗമായി ഖത്തറും ബഹ്റൈനും തങ്ങളുടെ നിലവിലുള്ള ആഭ്യന്തര അന്തരാഷ്‌ട്ര മാര്‍ക്കറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുകയെങ്കില്‍ സൗദി, ഒമാന്‍, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ സര്‍ക്കാരിന്റെ കരുതല്‍ നിക്ഷേപങ്ങളെയും കടങ്ങളെയും ആശ്രയിക്കേണ്ടി വരുമെന്നും മൂഡീസ് റിപ്പോര്‍ട് ചെയ്യുന്നു. ഖത്തറിന്റെയും യുഎഇയുടെയും കട ബാധ്യതകള്‍ 2017ഓടു കൂടി പൂര്‍വ സ്ഥിതിയിലാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2017ന്റെ അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങളുടെ അടങ്കല്‍ നിക്ഷേപം 2 .1 ട്രില്യണ്‍ ഡോളറായി ചുരുങ്ങുമെന്നതും ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കപെടുന്നത്. 2014 ല്‍ 2.4 ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ മതിപ്പു തുക. 2017 അവസാനത്തോടെ ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഏതു വിധത്തിലുള്ള മുന്‍ കരുതലുകളാണ് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നതും വളരെ പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.