അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി 2007ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജിസിസി രാജ്യങ്ങള്‍ ആണവോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് വലിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണവോര്‍ജം ഉപയോഗിച്ച് ആഭ്യന്തര ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതിയുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഖത്തര്‍ ഉള്‍പ്പെടെ ചില ജിസിസി അംഗ രാജ്യങ്ങള്‍ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിയുകയാണെന്ന തരത്തില്‍ ഒപെകിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഖത്തറിനെ കൂടാതെ കുവൈറ്റ്, ഒമാന്‍ എന്നീ രാഷ്‌ട്രങ്ങളും ഊര്‍ജ രംഗത്തു ആണവ പരീക്ഷണം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. 

നിലവിലെ ഊര്‍ജാവശ്യങ്ങളുടെ പത്തില്‍ ഒരു ശതമാനം മാത്രമേ ആണവോര്‍ജം വഴി പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന കണ്ടെത്തലാണ് ഈ പിന്മാറ്റത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മടിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആണവോര്‍ജ പദ്ധതിയുമായി നേരത്തെ ഇറങ്ങിത്തിരിച്ച ഇറാന്‍ പോലുള്ള രാഷ്‌ട്രങ്ങള്‍ക്ക് ഇതിന്റെ പേരില്‍ പിന്നീട് നേരിടേണ്ടി വന്ന ഭീഷണികളും പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ഇതോടൊപ്പം സുരക്ഷാ വീഴ്ച മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍, പശ്ചിമേഷ്യക്ക് പുറത്തു നിന്ന് പ്ലൂട്ടോണിയം ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കേണ്ടി വരുന്നതിലെ സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളും പിന്മാറ്റത്തിനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. എന്തായാലും ദീര്‍ഘ കാലത്തേക്കുള്ള ഊര്‍ജ സ്രോതസ്സ് എന്ന നിലയില്‍ ആണവോര്‍ജത്തെ പരിഗണിക്കുമ്പോള്‍ തന്നെ തല്‍ക്കാലം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന തീരുമാനത്തില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.