ദോഹ: ഖത്തറിനെതിരായ ഉപരോധത്തിൽ അമേരിക്ക പ്രകടിപ്പിക്കുന്ന പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിനിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് വിലയിരുത്തൽ. തന്ത്രപ്രധാനമായ ഒരു വിഷയത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടൈലേഴ്‌സനും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ പറയുന്നത് അമേരിക്കൻ നയതന്ത്ര ചരിത്രത്തിലെ തന്നെ അപൂർവ സംഭവമാണ്. ഇതിനിടെ ഈ വിഷയത്തിലുള്ള ട്രംപിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് ചില അമേരിക്കൻ മാധ്യമങ്ങളും രംഗത്തെത്തി.
ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആദ്യം ഖത്തറിന് അനുകൂലമായി നിലപാടെടുത്ത ഡോണൾഡ് ട്രംപ് ഖത്തർ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമാണെന്ന് പിന്നീട് ട്വിറ്റർ അക്കൗണ്ട് വഴി നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രശ്നത്തിൽ രമ്യമായ പരിഹാരങ്ങൾ കൈക്കൊള്ളാൻ മയപ്പെടുത്തിയ ഭാഷയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടൈലേഴ്‌സൺ രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കി.
തുടർന്ന് ഇന്നലെ വൈകീട്ടോടെ കടുത്ത ഭാഷയിൽ ഖത്തറിനെ വിമർശിച്ചു കൊണ്ട് ട്രംപ് വീണ്ടും രംഗത്തെത്തിയപ്പോഴും ടൈലേഴ്‌സൺ ഖത്തറിനെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു. രണ്ടു നിലപാടുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ മാർക്ക് ലണ്ടർ ന്യൂയോർക് ടൈ൦സിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു. ഖത്തറിനെതിരെ അമേരിക്കയുടെ നിലപാട് പച്ചയായി അവതരിപ്പിക്കുമ്പോഴും നയതന്ത്രപരമായി തങ്ങളുടെ നിലപാടുകൾ സുരക്ഷിതമാക്കാൻ അമേരിക്ക ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം വിലയിരുത്തുന്നു.
അമേരിക്കയുടെ പശ്ചിമേഷ്യയിലെ വാണിജ്യ താല്പര്യങ്ങൾക്ക് ട്രംപിന്റെ ഖത്തറിനെതിരായ വിമർശനങ്ങൾ കടുത്ത ആഘാതമുണ്ടാക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം അമേരിക്കൻ കാബിനറ്റിൽ ട്രംപ് നേതൃത്വം നൽകുന്ന വലതുപക്ഷ ചേരിയുടെ വിജയമായും ഖത്തർ വിഷയത്തിൽ ട്രംപിന്റെ കടുത്ത നിലപാടുകൾ വിലയിരുത്തപ്പെടുന്നുണ്ട്. ടൈലേഴ്‌സൺ വിദേശ കാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നേരിടുന്ന സുപ്രധാന അന്താരഷ്ട്ര പ്രശ്നമെന്ന നിലയിലും ഖത്തർ വിഷയം അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
വിഷയത്തിൽ ആധിപത്യം നേടാനായാൽ അത് ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ സുരക്ഷിതമാക്കുമെന്നാണ് ട്രംപ് അനുകൂലികൾ വിശ്വസിക്കുന്നത്. അതെ സമയം ഖത്തർ തീവ്രവാദത്തിനെതിരെയുള്ള നീക്കങ്ങളിൽ മികച്ച പങ്കാളിയാണെന്നു പ്രഖ്യാപിച്ചു രണ്ടാഴ്ച തികയും മുമ്പ് ഖത്തറിനെ വിമർശിച്ച പ്രസിഡന്റ ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കൻ മാധ്യമങ്ങൾ രംഗത്ത് വന്നു. ട്രംപ് തന്‍റെ സ്ഥാനത്തെ മാനിക്കണമെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് അഭിപ്രായപ്പെട്ടത് . ഫോക്സ്, ദി അറ്റ്ലാന്റിക്, ന്യൂയോർക്ക് ടൈ൦സ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളും ട്രംപിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.
