ദുബായ്: ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയ നാല് അയല്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ നാളെ കെയ്‌റോയില്‍ യോഗം ചേരും. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നീട്ടി നല്‍കിയ നാല്പത്തിയെട്ടു മണിക്കൂര്‍ സമയം അവസാനിക്കാനിരിക്കെയാണ് ഉപരോധ രാജ്യങ്ങള്‍ യോഗം ചേരുന്നത്. ഇതിനിടെ വിഷയം ചര്‍ച്ച ചെയാന്‍ ജര്‍മന്‍ വിദേശ കാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ദോഹയിലെത്തി.

ഉപാധികള്‍ അംഗീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നാല്‍പത്തിയെട്ട് മണിക്കൂര്‍ സമയപരിധി നാളെ വെളുപ്പിന് അവസാനിക്കാനിരിക്കെയാണ് സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ കെയ്റോവില്‍ പ്രത്യേക യോഗം ചേരുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വിദേശകാര്യമന്ത്രി കൂടി യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത് വിദേശ കാര്യ മന്ത്രി സമീഹ് ശൗഖിയുടെ നേതൃത്വത്തിലാണ് പ്രത്യേകം യോഗം ചേരുന്നതെന്നും പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌യുമെന്നും ഈജിപ്ത് വിദേശ കാര്യ മന്ത്രാലയം വക്താവ് അഹ്മദ് അബൂ സയ്ദ് അറിയിച്ചു. ഉപാധികള്‍ സംബന്ധിച്ച് ഖത്തര്‍ കുവൈറ്റിന് കൈമാറിയ വിശദീകരണത്തെ അടിസ്ഥാനമാക്കിയിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തര്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും.

ഇതിനിടെ, ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലിനൊപ്പം ഇന്ന് വൈകീട്ട് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍താനി ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച ജര്‍മന്‍ വിദേശ കാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഉപാധികളെന്ന ഖത്തറിന്റെ വാദം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് റിയാദില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് വിപരീതമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെ മാത്രം കുറ്റപ്പെടുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും തീവ്രവാദത്തെ നേരിടാന്‍ ജി.സി.സി രാജ്യങ്ങള്‍ ഒരുമിച്ച് ധാരണയിലെത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുമായിരുന്നു സിഗ്മര്‍ ഗബ്രിയേലിന്റെ പ്രതികരണം. പ്രശ്‌നം പരിഹരിക്കുന്നതില്‍ വിദേശരാജ്യങ്ങള്‍ സ്വീകരിക്കുന്ന ഇരട്ട നിലപാടുകളുടെ ഭാഗമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളെന്നാണ് സൂചന. ഇതിനിടെ നാല്പത്തിയെട്ടു മണിക്കൂര്‍ സമയ പരിധി അവസാനിക്കാനിരിക്കെ ഖത്തറില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ജിദ്ദയില്‍ അറിയിച്ചു.