ദോഹ: ഖത്തറിന് ഉപരോധമേർപ്പെടുത്തിയ നാല് അയൽ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാർ ഇന്ന് കെയ്‌റോയിൽ യോഗം ചേരും. ഉപാധികൾ അംഗീകരിക്കാൻ ഖത്തറിന് നീട്ടി നൽകിയ നാല്പത്തിയെട്ടു മണിക്കൂർ സമയം ഇന്ന് രാവിലെയോടെ അവസാനിച്ച ഘട്ടത്തിൽ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. അതേസമയം ഉപാധികൾ അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഖത്തർ ഉറച്ചു നിൽക്കുകയാണ്.
ഉപാധികൾ അംഗീകരിക്കാൻ സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടുവെച്ച നാൽപത്തിയെട്ട് മണിക്കൂർ സമയപരിധി അവസാനിക്കാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇന്നലെ വൈകീട്ടു ദോഹയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മളനത്തിലും ഉപാധികൾ അംഗീകരിക്കില്ലെന്ന നിലപാട് ഖത്തർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. വിഷയം ചർച്ച ചെയ്‌യാൻ ദോഹയിലെത്തിയ ജർമൻ വിദേശ കാര്യമന്ത്രി സിഗ്മർ ഗബ്രിയേലിനൊപ്പം വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹിമാൻ അൽതാനി ഖത്തറിന്റെ നിലപാട് ആവർത്തിച്ചത്.
ഈ സാഹചര്യത്തിൽ സൗദി ,ഈജിപ്ത് ,ബഹ്‌റൈൻ യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഇന്നത്തെ പ്രത്യേക യോഗത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത് വിദേശ കാര്യ മന്ത്രിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. ഈജിപ്ത് വിദേശ കാര്യ മന്ത്രി സമീഹ് ശൗഖിയുടെ നേതൃത്വത്തിലാണ് പ്രത്യേകം യോഗം ചേരുന്നതെന്നും പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌യുമെന്നും ഈജിപ്ത് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഉപാധികൾ സംബന്ധിച്ച് ഖത്തർ കുവൈറ്റിന് കൈമാറിയ വിശദീകരണത്തെ അടിസ്ഥാനമാക്കിയിരിക്കും നാളത്തെ കൈറോ യോഗത്തിൽ പ്രധാനമായും ചർച്ചകൾ നടക്കുക. . അതേസമയം കഴിഞ്ഞ ദിവസം സൗദി സന്ദർശിച്ച ജർമൻ വിദേശ കാര്യമന്ത്രി സിഗ്മർ ഗബ്രിയേൽ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഉപാധികളെന്ന ഖത്തറിന്റെ വാദം തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് റിയാദിൽ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഖത്തർ വിദേശകാര്യ മന്ത്രിയോടൊപ്പം ഇന്നലെ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ഇതിന് വിപരീതമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെ മാത്രം കുറ്റപ്പെടുത്താൻ തങ്ങൾ ഒരുക്കമല്ലെന്നും തീവ്രവാദത്തെ നേരിടാൻ ജി.സി.സി രാജ്യങ്ങൾ ഒരുമിച്ച് ധാരണയിലെത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നുമായിരുന്നു സിഗ്മർ ഗബ്രിയേലിന്റെ പ്രതികരണം. ഇതിനിടെ നാല്പത്തിയെട്ടു മണിക്കൂർ സമയ പരിധി അവസാനിക്കാനിരിക്കെ ഖത്തറിൽ നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ ജിദ്ദയിൽ അറിയിച്ചു.
