ദില്ലിയില്‍ വ്യാപാരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ച ശേഷം 15 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. മാളവ്യനഗറില്‍ രാവിലെ ഒന്പതരക്കാണ് സംഭവം. മാളവ്യനഗറില്‍ പെട്രോള്‍ പമ്പ നടത്തുന്ന കമല്‍ജീത് സേഥിയുടെ പണമാണ് നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തെ കളക്ഷനായ 15 ലക്ഷം രൂപ ,ഫെഢറല്‍ ബാങ്ക് ശാഖയില്‍ അടയ്ക്കാന്‍ വരുന്പോള്‍ ബാങ്കിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. കാറില്‍നിന്നിറങ്ങിയ ഉടന്‍ അക്രമി തോക്കു ചൂണ്ടി ബാഗ് കൈമാറാന്‍ ആവശ്യപ്പെട്ടു.
ബാഗില്‍ പിടിച്ചുവലിക്കുകയും ചെയ്തു. സേഥി വിസമ്മതിച്ചതോടെ വയറിന് നേരെ നിറയൊഴിച്ച് വീഴ്ത്തിയ ശേഷം ബൈക്കില്‍ കാത്തു നില്‍കുകയായിരുന്ന സുഹൃത്തിനൊപ്പം രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കേറ്റു.
സാകേതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമല്‍ജിത് അപകടനില തരണം ചെയ്തു. രണ്ട് ദിവസമായി അക്രമി സംഘം വ്യാപാരിയെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെട്രോള്‍ പന്പിലെ ഒരു ജീവനക്കാരന് ഇതില്പങ്കുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
