ദില്ലി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് സംസ്ഥാനങ്ങളില്‍ വ്യാപക സംഘര്‍ഷം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 13 പേര്‍ മരിച്ചു. 

പൊതുസ്ഥലങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. പൊലീസ് സ്റ്റേഷനുകള്‍ക്കും രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീയിട്ടിട്ടുണ്ട്. പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിനും ഒരു വൈദ്യുതി നിലയത്തിനും ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ തീവെച്ചു. പലയിടത്തും കലാപകാരികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. ദില്ലിയില്‍ ഏഴിടങ്ങളില്‍ തീവെച്ചു. ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ ഗുര്‍മീതിന്റെ അനുയായികള്‍ അഗ്നിക്കിരയാക്കി. മാധ്യമങ്ങളുടെ വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ദേര സച്ചാ സൗദ ആസ്ഥാനമായ പഞ്ച്കുലയടക്കം നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പട്ടാളം രംഗത്തിറങ്ങി. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. അക്രമസംഭവങ്ങള്‍ തടയാന്‍ പഞ്ചാബ്-ഹരിയാന സര്‍ക്കാറുകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെയും സൈന്യത്തെയും കലാപ പ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശയാത്ര വെട്ടിച്ചുരുക്കി ദില്ലിയില്‍ തിരിച്ചെത്തി. അദ്ദേഹം ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.