ദില്ലി: ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങല്‍ ദില്ലിയിലേക്കും പടരുന്നു. ദില്ലിയിലെ അനന്തവിഹാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ അക്രമികള്‍ തീയിട്ടു. ദില്ലിയിലും രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 35ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ ബസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലെ പ്രധാനപ്പെട്ട ഏഴ് കേന്ദ്രങ്ങളിലായാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതീവ സുരക്ഷാ മേഖലകളില്‍ കനത്ത സൈനിക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങള്‍ ശക്തമായി അടിച്ചമര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

15 വര്‍ഷം മുമ്പ് നടന്ന ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി കണ്ടെത്തിയതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നായിരുന്നുകേസ്. കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കും.