ഇടുക്കി: അനുയായികളായ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗൂര്‍മീത് റാം സിങ്ങ് കേരളത്തിലും വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2014 മെയ് മാസത്തില്‍ ഗൂര്‍മീത് കേരളത്തിലെത്തിയിരുന്നു. വാഗമണ്ണിലായിരുന്നു ഇയാളുടെ സന്ദര്‍ശനം. ഇവിടെ ആശുപത്രിയും, കോളേജും തുടങ്ങാനുള്ള പദ്ധതിയുമായി കുറെ സ്ഥലങ്ങള്‍ വാങ്ങാന്‍ ഇയാള്‍ പ്രദേശവാസികളുമായി ബന്ധപ്പെട്ടിരുന്നു
മൂന്ന് തവണയായി ഏതാണ്ട് ഇരുപത് ദിവസമാണ് ഗുര്‍മീത് റാം സിങ്ങ് വാഗമണ്ണില്‍ ഉണ്ടായിരുന്നത്. ഒപ്പം സ്ത്രീകളടക്കം 50 അംഗ സംഘവും. ഇയാള്‍ പാടി അഭിനയിച്ച സംഗീത ആല്‍ബം വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ചിത്രീകരിച്ചിരുന്നു. കാലാവസ്ഥ ഇഷ്ടപ്പെട്ട ഗുര്‍മീത് ഇവിടെ സ്ഥലം വാങ്ങാന്‍ ആഗ്രഹിച്ചു. ഇതിനായി ഇയാളുടെ മാനേജര്‍, അഭിജിത് എന്നയാളാണ് വാഗമണ്‍ സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ സമീപിച്ചത്.
ഇതു കൂടാതെ വാഗമണ്ണില്‍ ആശുപത്രിയും,ആംബുലന്‍സ് സര്‍വ്വീസും,കോളേജും തുടങ്ങാന്‍ ആഗ്രഹമുള്ളതായി,പ്രദേശവാസികളായ ചിലരോട് മാനേജര്‍ വ്യക്തമാക്കിയിരുന്നു.ചില സ്ഥലങ്ങള്‍ പോയി കാണുകയും ചെയ്തു. ഇരാറ്റുപേട്ട വാഗമണ്‍ പ്രദേശങ്ങളിലെ 30ല്‍ ഏറെ റിസോര്‍ട്ടുകള്‍ അന്ന് ബുക്ക് ചെയ്തായിരുന്നു ഇവരുടെ താമസം. കേരളത്തിലെത്തിയിരുന്ന ഗുര്‍മീതിന് ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷായാണ് അന്ന് പൊലീസ് ഒരുക്കിയത്.
പോലീസ് ഒരുക്കിയ സുരക്ഷയ്ക്കു പുറമെ പ്രത്യേ സുരക്ഷാ സേനയെയും ഗുര്‍മീത് കൊണ്ടുവന്നിരുന്നു. വാഗമണ്ണിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആളുകളെ സംഘടിപ്പിച്ച് സമ്മാനങ്ങളും, പാരിതോഷികങ്ങളും നല്‍കി. കൂടാതെ തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങളും നല്‍കിയ ശേഷമാണ് ഗുര്‍മീത് വാഗമണ്‍ വിട്ടത്.
