ദില്ലി: ബലാൽസംഗകേസിൽ ദേരാസച്ചാസൗദ തലവൻ ഗുർമിത് റാംറഹിം സിംഗിന് സിബിഐ കോടതി പത്തു വർഷം കഠിന തടവ് വിധിച്ചു. വിധി കേട്ട് പൊട്ടിക്കരഞ്ഞ് നിലത്ത് കിടന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് കോടതി മുറിക്കുള്ളിൽ നിന്ന് നീക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുർമീത് റാം റഹിം സിംഗ് വ്യക്തമാക്കി.

ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് റോതകിലെ ജില്ലാ ജയിലിലെ വായനാമുറി പ്രത്യേക സിബിഐ കോടതി മുറിയായി മാറി. ബലാൽസംഗകേസിൽ ദേരാസച്ചാസൈദ തലവൻ ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് ജഡ്ജി ജഗ്ദീപ് സിംഗ് വെള്ളിയാഴ്ച വിധിച്ചിരുന്നു. ഇന്ന് ശിക്ഷ പ്രഖ്യാപിക്കും മുമ്പ് പത്തു മിനിറ്റു വീതം വാദത്തിന് ഇരു ഭാഗങ്ങൾക്കും കോടതി അവസരം നല്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. റാംറഹീം സമൂഹത്തിന് നല്കിയ സംഭാവനയും 50 വയസ് പ്രായവും കണക്കാക്കി കുറഞ്ഞ ശിക്ഷ നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

കരഞ്ഞു കൊണ്ട് റാംറഹീം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. എന്നാൽ 3 വർഷം തുടർച്ചയായി കുറ്റം ചെയ്തുവെന്നും മാപ്പ് അർഹിക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം ബലാൽസംഗത്തിന് 10 വർഷം കഠിന തടവ് കോടതി വിധിച്ചു. 506, 511 വകുപ്പുകൾ പ്രകാരം 3 വർഷം കഠിന തടവും കോടതി വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 65000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.

ജയിൽ മാറ്റണമെന്ന് ഗുർമീത് ആവശ്യപ്പെട്ടപ്പോൾ ജയിലിലേക്ക് സ്യൂട്ട് കേസ് കൊണ്ടു വരാനും വളർത്തു മകളെ ഹെലികോപ്റ്ററിൽ കയറ്റാനും എന്തിന് സമ്മതിച്ചെന്ന് കോടതി പോലീസിനോട് ചോദിച്ചു. ജയിലിലെ ഭക്ഷണം കഴിക്കാനാകില്ലെന്ന ഗുർമീതിന്റെ വാദവും കോടതി തള്ളി. തുടർന്ന് തന്നെ കുടുക്കിയതാണെന്ന് കരഞ്ഞു പറഞ്ഞ് നിലത്തുകിടന്ന ഗുർമീത് റാം റഹിം സിംഗിനെ ബലംപ്രയോഗിച്ചാണ് താല്ക്കാലിക കോടതി മുറിക്കുള്ളിൽ നിന്ന് ഉദ്യോഗസ്ഥർ നീക്കിയത്.

Scroll to load tweet…