ഹരിയാന: ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീം സിംഗ് കുറ്റക്കാരണാണെന്ന് കണ്ടെത്തിയ കോടതി തീരുമാനത്തിന് പിന്നാലെ ആരംഭിച്ച അക്രമങ്ങള്‍ നേരിടാന്‍ കരസേനക്ക് വെടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കി. സൈന്യം ദേര സച്ചയുടെ ആസ്ഥാനം അടച്ചുപൂട്ടി. അക്രമികള്‍ നഗരം കത്തിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മുഖ്യമന്ത്രി മൗനം പാലിച്ചുവെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. ദേര സച്ചയുടെ സ്വത്തുകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
32 പേര്‍ മരിക്കുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍. അക്രമം നേരിടാന്‍ വെടിവെക്കാനുള്ള ഉത്തരവ് കരസേനക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സിര്‍സയിലെത്തിയ കരസേന ദേര സച്ച സൗദയുടെ ആസ്ഥാനം അടച്ചുപൂട്ടി. ആശ്രമത്തിനകത്തുള്ള അന്ധേവാസികളെ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. സൈന്യം രണ്ടുതവണ സിര്‍സയില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.
നേരിയ തോതില്‍ സംഘര്‍ഷ സാധ്യത നിലനിന്ന സിര്‍സയില്‍ അക്രമികളെ സൈന്യം തുരത്തിയോടിച്ചു. സിര്‍സ പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ചണ്ഡിഗഡിലെ പഞ്ച്കുലയും സൈന്യത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. അക്രമം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. ഹരിയാന മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ കീഴടങ്ങലാണെന്നും കോടതി പറഞ്ഞു. നഗരം കത്തിക്കുമ്പോള്‍ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനാണ് ശ്രമിച്ചത്. ദേര സച്ചയുടെ സ്വത്തുകള്‍ വിറ്റ് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
അക്രമങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ട പഞ്ചുകുല ഡി.സി.പി അശോക് കുമാറിനെ സസ്‌പെന്റ് ചെയ്തു. ഇതുവരെ 1500 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുര്‍മീതിന്റെ അടുത്ത അനുയാകളില്‍ ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുര്‍മീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നീക്കം തുടങ്ങി. തിങ്കളാഴ്ചയാണ് ഗുര്‍മീതിന് ശിക്ഷ വിധിക്കുന്നത്. കരസേനക്ക് വെടിവെക്കാനുള്ള നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ വലിയ അക്രമങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
