ബൈക്കിന്റെ സൈഡിൽ നിന്ന് മാറി സഞ്ചരിക്കാൻ യുവതി കല്യാണിനോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന് തയ്യാറാകാതിരുന്ന കല്യാൺ യുവതിയെ കാറുകൊണ്ട് ഇടിച്ചിടുകയായിരുന്നു.

ചണ്ഡീ​ഗഡ്: ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ പ്രതി പിടിയിൽ. കല്യാൺ ബൈൻഡ്സ്ലേയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. സ്പോർട്സ് ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന സിയ എന്ന യുവതിയെ ആണ് കാറിടിച്ച് വീഴ്ത്തിയത്. ഞായറാഴ്ചയാണ് യുവതിയെ ഇയാൾ കാറിടിച്ച് വീഴ്ത്തിയത്. യുവതിയുടെ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങൾ യുവതി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബൈക്കിന്റെ സൈഡിൽ നിന്ന് മാറി സഞ്ചരിക്കാൻ യുവതി കല്യാണിനോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന് തയ്യാറാകാതിരുന്ന കല്യാൺ യുവതിയെ കാറുകൊണ്ട് ഇടിച്ചിടുകയായിരുന്നു.

YouTube video player

യുവതിയുടെ സഹൃത്തുക്കൾ ഇയാളോട് കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ ഇയാൾ കാറോടിച്ചു പോകുകയാണ് ചെയ്തത്. ദൃശ്യങ്ങൾ വൈറലായി, വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെ, ബൈക്കിലുണ്ടായിരുന്നത് യുവതിയാണെന്ന് അറിയില്ലായിരുന്നുവെന്നും കാറിന് മുന്നിൽ ബൈക്കുകൾ കൂട്ടത്തോടെ സഞ്ചരിച്ചപ്പോൾ‌ സംഭവിച്ചതാണെന്നും ആണ് കല്യാൺ പ്രതികരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്ന ചോദ്യവുമായി യുവതി തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കല്യാണിനെതിരെ ​ഗുരു​ഗ്രാം പൊലീസിൽ യുവതി പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്ന് പ്രതി പിടിയിലാകുന്നത്.