സിപിഎം സംഘടനാതലത്തിൽ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിട്ടു. നേതാക്കളുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കാനും സഹകരണ മേഖലയിൽ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഞാനും പിണറായിയുമടക്കം വീഴ്ചകൾ തിരുത്തുമെന്ന് എം എ ബേബി വ്യക്തമാക്കി
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതിയിൽ സി പി എം സംഘടനാതലത്തിൽ നിർണ്ണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിടാൻ തീരുമാനം. പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യും. തുടർന്നുള്ള ഘട്ടങ്ങളിൽ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ മേഖലയിലും ശക്തമായ നടപടികൾ ഉണ്ടാകും. പാർട്ടി നേതാക്കൾ എടുത്ത വലിയ തുകയുടെ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടിവരുമെന്നും ബാങ്കുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. അതോടൊപ്പം വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഗ്ഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതൽ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണമെന്ന കാര്യം നിർബന്ധമാക്കി.
ഞാനും പിണറായിയുമടക്കം തിരുത്തും
പാർട്ടി നേതാക്കളുടെ വീഴ്ചകൾ സ്വയം തിരുത്തുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി. ഇ എം എസ്, വി എസ് അച്യുതാന്ദൻ, നായനാർ തുടങ്ങിയ മുൻനിര നേതാക്കൾ തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തിയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, താനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്തുമെന്നും ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തെറ്റുതിരുത്തൽ പ്രക്രീയയുടെ ഭാഗമായി ചേരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ കുറഞ്ഞത് മൂന്ന് പി ബി. അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും വീതം പങ്കെടുക്കും. തിരുത്തൽ പ്രക്രിയയും സംഘടനാ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്താനാണ് പി ബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലാ യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്.
തിരുത്തലുകളിലൂടെ പാർട്ടി മുന്നോട്ട് പോകും
അതേസമയം വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന സി പി എം വിശാല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. തനിക്കെതിരെയും വിശാല സമിതിയിൽ വിമർശനം ഉയർന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ സമിതിയിൽ തനിക്ക് ശാസന ലഭിച്ചെന്ന വാർത്തകളോട് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പി ബി ഇടപെട്ടുകൊണ്ട് സെക്രട്ടറിയെ ശാസിച്ചത്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇ ഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും, എസ്.എഫ്.ഐ. പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇ ഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപ്പിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വിവരിച്ചു.

