തൃശൂര്‍: ഗുരുവായൂർ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.കേസിൽ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ പൊലീസ് സംരക്ഷണയോടെ എക്സിക്യൂട്ടീവ് ഓഫീസർ ഭരണമേറ്റെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി തൃശൂർ ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.
ഗുരുവായൂർ പാർത്ഥ സാരഥി ക്ഷേത്ര ഭരണസമിതിയിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സമ്പാദിച്ചത്. എന്നാൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ക്ഷേത്രം ഏറ്റെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും ദേവസ്വം ബോർഡ് തുടങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബർ 21ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കാരണം ചുമതലയേൽക്കാൻ സാധിച്ചിരുന്നില്ല. ക്ഷേത്രം ഉള്ളിൽ നിന്ന് പൂട്ടിയ വിശ്വാസികൾ എക്സിക്യൂട്ടീവ് ഓഫീസറെ തടഞ്ഞിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ബോർഡിന് അനുകൂലമായി ഇടക്കാല ഉത്തരവ് വന്നതോടെയാണ് ക്ഷേത്രം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെത്തിയത്.
ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷം തടസപ്പെടുത്തരുതെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. പൊലീസ് സംരക്ഷണത്തിൽ പുലർച്ചെ നാലരയോടെ ക്ഷേത്രത്തിലെത്തിയ എക്സിക്യൂട്ടീവ് ഓഫീസർ ടിസി ബിജു ചുമതല ഏറ്റെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി നാളെ തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഏന്തെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
