ഭീകരാക്രമണത്തിൽ വീരമ‍ൃത്യ വരിച്ച ജവാൻമാർക്ക് അനുശോചനം അറിയിക്കുന്നതിനൊപ്പമാണ് ഇന്ത്യന്‍ സൈന്യത്തെ അടക്കമുള്ള സുരക്ഷാസേനകളെ കുറ്റപ്പെടുത്തി പ്രാപി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് പാപ്രി ബാനര്‍ജി കുറ്റപ്പെടുത്തി.  

ഗുവാഹത്തി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ സൈന്യത്തെ അടക്കമുള്ള സുരക്ഷാസേനകളെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അധികൃതർ സസ്‌പെന്‍ഡ് ചെയ്ത കോളേജ് അധ്യാപികയെ കാണാതായതായി റിപ്പോർട്ട്. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായത്.

ഭീകരാക്രമണത്തിൽ വീരമ‍ൃത്യ വരിച്ച ജവാൻമാർക്ക് അനുശോചനം അറിയിക്കുന്നതിനൊപ്പമാണ് ഇന്ത്യന്‍ സൈന്യത്തെ അടക്കമുള്ള സുരക്ഷാസേനകളെ കുറ്റപ്പെടുത്തി പ്രാപി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് പാപ്രി ബാനര്‍ജി കുറ്റപ്പെടുത്തി.

“ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു”, പാപ്രി ബാനര്‍ജി പോസ്റ്റില്‍ കുറിച്ചു. 

ഇന്ത്യന്‍ സൈന്യത്തെ അടക്കമുള്ള സുരക്ഷാസേനകളെ കുറ്റപ്പെടുത്തിയ പ്രാപിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പോസ്റ്റ് വിവാദമായതിനെ തുടർന്ന് വധഭീഷണിയടക്കം പ്രാപി നേരിട്ടിരുന്നു. തുടർന്ന് ശനിയാഴ്ചയാണ് കോളേജ് അധികൃതർ പ്രാപിയെ സസ്പെൻഡ് ചെയ്തത്. ഐടി ആക്ട് പ്രകാരം പ്രാപിക്കെതിരെ ഐപിസി 505, 66 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പ്രാപിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നേദിവസം ഹാജരാകത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാണാതായതായി പൊലീസ് കണ്ടെത്തിയത്. എന്നാൽ കാണാതായെന്ന് കാണിച്ച് പ്രാപിയുടെ കുടുംബം ഇതുവരെ പൊലീസിൽ‌ പരാതി നൽകിയിട്ടില്ല.