ഗ്വാളിയര്‍: സാനിറ്ററി നാപ്കിനുകള്‍ക്ക് 12% ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗ്വാളിയാറിലെ വിദ്യാര്‍ത്ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആയിരം നാപ്കിന്‍ പാഡുകളിലായി ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുളള സന്ദേശങ്ങള്‍ അയക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. മധ്യപ്രദേശിലെ ഗ്വാളിയാറിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ ക്യാമ്പയിനുമായി രംഗത്തെത്തിയത്.

സാനിറ്ററി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ പന്ത്രണ്ട് ശതമാനം നികുതി പിന്‍വലിക്കണമെന്നും കുറഞ്ഞ വിലക്ക് ലഭ്യമാക്കണെമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്ക് നേരിടുന്ന അതിക്രമം അവസാനിപ്പിക്കാനും സ്ത്രീകളെ ശാക്തികരിക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ആയിരം നാപ്കിനുകളിലായി സ്ത്രീ സുരക്ഷയുടെയും ശാക്തികരണത്തിന്റെയും ആവശ്യകത വിശദീകരിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതുന്നത്. ജനുവരി നാലാം തിയ്യതിയാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പയിന് ലഭിക്കുന്നത്.

കേവലം ഗ്വാളിയാറിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സ്ത്രികള്‍ക്കും വേണ്ടിയാണ് ഈ ക്യാമ്പയിന്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ആര്‍ത്തവ കാലത്ത് പരമ്പരാഗത രീതികളാണ് തുടര്‍ന്ന് പോരുന്നത്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്്. ഇതിനിടെ നാപ്കിനുകള്‍ക്ക് പന്ത്രണ്ട് ശതമാനം നികുതി എര്‍പ്പെടുത്തുന്നത് പ്രശ്‌നം വീണ്ടും വഷളാക്കുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ച് മൂന്നിനകം പ്രധാനമന്ത്രിക്ക് നാപ്കിനുകള്‍ അയക്കുമെന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായ ഹരി മോഹന്‍ പറയുന്നത്. 'സാനിറ്ററി നാപ്കിനുകള്‍ ഇപ്പോള്‍ പന്ത്രണ്ട് ശതമാനമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ആഡംബര വസ്തുക്കളുടെ കൂട്ടത്തില്‍ ആണ് പാഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പിന്‍വലിക്കണം. മാര്‍ച്ച് മൂന്നിന് ആയിരം നാപ്കിനുകള്‍ അയച്ചു കൊടുക്കും. ഹരി മോഹന്‍ പറയുന്നു.