ദില്ലി: വളരെയധികം നാടകീയതയും സസ്പന്‍സും നിറഞ്ഞതായിരുന്നു ഹാദിയയുടെ സുപ്രീംകോടതിയിലേക്കുള്ള വരവും പോക്കും. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസില്‍ ഹാദിയയെ ക്യാമറക്കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. സുപ്രീംകോടതി വിധിക്ക് ശേഷവും ഹാദിയ കേരള ഹൗസില്‍ തന്നെ തങ്ങുന്നതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്.

ഹാദിയ ദില്ലിയിലെത്തിയത് മുതല്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ രണ്ട് ദിവസമായി കേരള ഹൗസ് പരിസരത്ത് തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തിയതിനാല്‍ ആര്‍ക്കും ഹാദിയയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ മുന്‍ വശത്തെ ഗേറ്റ് തുറന്ന് പൊലീസ് വാഹന വ്യൂഹം ഹാദിയയുമായി പുറത്തേക്ക്.

ഒരു കാറില്‍ മാതാപിതാക്കളും ബുള്ളറ്റ് പ്രൂഫ് സൗകര്യമുള്ള മറ്റൊരു കാറില്‍ ഹാദിയയും ഇരുന്നു. പക്ഷെ സുപ്രീംകോടതിയില്‍ കാത്തിരുന്ന മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രധാന ഗേറ്റ് ഒഴിവാക്കി ജഡ്ജിമാരുടെ പ്രവേശന കവാടം വഴിയാണ് ഹാദിയയെ കോടതി മുറിയിലെത്തിച്ചത്. പിന്നീട് കേസ് കഴിഞ്ഞതോടെ പുഞ്ചിരി തൂകി നാലാം നന്പര്‍ ഗേറ്റ് വഴി പുറത്തേക്ക് പുറത്തേക്ക് വന്നു.

തൊട്ടുപിറകേ ഷെഫിന്‍ ജഹാനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. വൈകിട്ട് അഞ്ച് മണിയോടെ തിരിച്ച് കേരളഹൗസിലേക്ക് വന്നപ്പോള്‍ മുന്‍വശത്തെ കവാടം ഒഴിവാക്കി പുറകു വശത്തുകൂടിയാണ് ഹാദിയയെ മുറിയിലെത്തിച്ചത്. തമിഴ്‌നാട്,രാജസ്ഥാന്‍ പൊലീസ് സേനകളുടെ സംരക്ഷണയിലാണ് ഹാദിയ.