തിരുവനന്തപുരം: സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി. അഖില എന്ന ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം നടത്താനും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനം അനുവദിക്കാത്ത തരത്തില്‍ സുരക്ഷ ഒരുക്കാനും കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി ഹാദിയയുടെ മാതാപിതാക്കളോട് സംസാരിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. 

ഹാദിയയും അച്ഛനും ഒരുമിച്ചിരിക്കുന്നതും അമ്മയ്‌ക്കൊപ്പമുള്ള പ്രത്യേക സെല്‍ഫിയും ഒപ്പം അമ്മ സംസാരിക്കുന്ന ദൃശ്യങ്ങളും രാഹുല്‍ പരസ്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഖില-ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോടു കൂടിയാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലാണ് പോസ്റ്റുകളെല്ലാം. എല്ലാം സമ്മതിക്കുന്നു എന്റെ ജീവിതം ഇങ്ങനെയാണോ വേണ്ടത്. ഇതാണോ എനിക്ക് വേണ്ട ജീവിതം എന്നും ഹാദിയ ദൃശ്യങ്ങളില്‍ ചോദിക്കുന്നുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് മകളെ മയക്കിയെടുത്തതാണെന്നാണ് അമ്മ പറയുന്നത്.

നേരത്തെ മതം മാറി വിവാഹം ചെയ്ത ശേഷം പ്രസ്തുത വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ കുടുംബത്തോടെപ്പം വിടുകയായിരുന്നു. തുടര്‍ന്ന് കേസ് സുപ്രിം കോടതിയിലെത്തിയപ്പോള്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിക്കുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.