സേലം: പഠനം തുടരാന്‍ വേണ്ട സഹായം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വൈകീട്ട് ഏഴ് മണിയോടെയാണ് ഹാദിയ കോളേജിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് വിമാനത്തിലാണ് ഹാദിയ യാത്ര തിരിച്ചത്. ഹാദിയ എത്തുന്നതിനാല്‍ കോളേജ് പ്രിന്‍സിപ്പലും അധികൃതരും കോളേജില്‍ എത്തിയിരുന്നു. റോഡ് മാര്‍ഗം കനത്ത സുരക്ഷയിലാണ് ഹാദിയയെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് കോളേജിലെത്തിച്ചത്.
രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. ഹാദിയ പഠിക്കുന്ന കോളേജിന് പൊലീസ് സംരക്ഷണം തേടുമെന്ന് ശിവരാജ് ഹോമിയോ കോളേജ് എംഡി കല്‍പന ശിവരാജു വ്യക്തമാക്കിയിരുന്നു. സേലം കലക്ടര്‍ക്കും കമ്മീഷണര്‍ക്കും എംഡി കത്ത് നല്‍കി. ഹാദിയയ്ക്ക് കോളേജിലും ഹോസ്റ്റലിലും എന്തു തരം സംരക്ഷണം നല്‍കണമെന്നത് ചര്‍ച്ച ചെയ്യാന്‍ കോളേജധികൃതര്‍ യോഗം ചേര്‍ന്നിരുന്നു.
പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും ഹാദിയ യാത്ര തിരിക്കും മുന്‍പ് പറഞ്ഞിരുന്നു. അതേസമയം ഹാദിയയെ കാണുന്നത് സംബന്ധിച്ച് അച്ഛനും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും പിതാവ് അശോകന്‍ പറഞ്ഞു. വിധി തന്റെ വിജയമാണെന്നും അശോകന്‍ ദില്ലിയില്‍ പറഞ്ഞു.
മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ല. ഷെഫിന്‍ ജഹാന്‍ രക്ഷാകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ വ്യക്തമാക്കി. വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഷെഫിന്‍ ജഹാന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ ഷെഫിനെ രക്ഷകര്‍ത്താവായി കോടതി അംഗീകരിക്കാത്തതെന്താണെന്നും അശോകന്‍ ചോദിച്ചു.
എന്നാല്‍ സേലത്തെത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍ അറിയിച്ചു. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ഹാദിയ കാണാന്‍ പോകുന്നത്. ഹാദിയയുടെ ആവശ്യങ്ങള്‍ ഓരോന്നായി കോടതി അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത് എന്നും ഷെഫിന്‍ പറഞ്ഞു.
