ദില്ലി: ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ മന്‍സീദ്, പി സഫ്വാന്‍ എന്നിവരുമായി എസ്ഡിപിഐയുടെ സംഘടനയായ പോപ്പുര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാരെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് ഐസിസുമായി ബന്ധപ്പെട്ട ഗ്രൂപ്പുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഓക്ടോബറില്‍ എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 2016 ഡിസംബറിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായത്. മന്‍സീദും എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇരുവരുടെയും വിവാഹം നടത്തിയതെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
എസ്ഡിപിഐ സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നായ തണലിലൂടെ ഷെഫിന്‍ ജഹാന്‍ മന്‍സീദും സഫ്വാനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധത്തിന് തെളിവുണ്ടെന്ന് കേസ് പരിഗണിക്കവെ ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തീവ്രവാദബന്ധം തെളിയിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു . ഐ.എസ് റിക്രൂട്ടിങ് നടത്തിയിരുന്ന മന്‍സി ബുറാഖിനോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്നാണ് ഷെഫിന്‍ ചോദിച്ചതെന്നും അശോകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും അശോകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.
2016 ജനുവരി 6നാണ് അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛൻ അശോകൻ പെരിന്തൽമണ്ണ പൊലീസിൽ പരാതി നല്‍കുന്നത്. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു അന്ന് ഹാദിയ. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവ് ഷെഫിനൊപ്പവും വിടാന്‍ തയ്യാറാകാതിരുന്ന സുപ്രീം കോടതി, പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ കോളേജിലേക്ക് അയക്കുകയായിരുന്നു.
