മുംബൈ: ഹാജി അലി ദര്‍ഗ ഖബറിടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോബെ ഹൈക്കോടതി വിധി. സ്ത്രീകളെ വിലക്കാന്‍ ദര്‍ഗാ ട്രസ്റ്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം സുപ്രീം കോടതിയില്‍  അപ്പീല്‍ നല്‍കണമെന്ന് ട്രസ്റ്റ് അറിയിച്ചതോടെ വിധിനടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് നീട്ടിവെച്ചു. 

സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നത് കൊണ്ട് അവര്‍ കയറിയാല്‍ ഖബറിടം അശുദ്ധിയാവുമെന്ന് പറഞ്ഞായിരുന്നു ദര്‍ഗ ഭരണസമിതി  സ്ത്രീകളെ വിലക്കിയത്. ഖബറിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്ലാമില്‍ പൊറുക്കാനാവാത്ത പാപമാണെന്നും ട്രസ്റ്റ് കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സ്ത്രീകളെ വിലക്കാന്‍ ട്രസ്റ്റിന് അധികാരമില്ലെന്ന് വ്യക്തമാക്കി. 

ജസ്റ്റിസ് വിഎം കനഡെ ജസ്റ്റീസ് രേവതി മോഹിതെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. വിധിക്കെതിരെ സുപ്രീം കോടതിയില്‍  അപ്പീല്‍ നല്‍കണമെന്ന് ഹാജി അലി ദര്‍ഗ ഭരണസമിതി അറിയിച്ചതോടെ വിധിനടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് നീട്ടിവെച്ചു. ഖബറിടത്തിലേക്ക് പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ദര്‍ഗ ട്രസ്റ്റ് സ്ത്രീകളോട് വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുസ്ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയായിരുന്നു കോടതിയെ സമീപിച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹാജി അലി ദര്‍ഗയില്‍  നാലുവര്‍ഷം മുന്‍പാണ് ദര്‍ഗ ഭരണസമിതി സ്ത്രീകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ദര്‍ഗയില്‍ പ്രവേശിക്കാമെങ്കിലും വിശുദ്ധന്റെ ഖബറിടത്തില്‍ കടക്കുന്നതിനായിരുന്നു വിലക്ക്.