ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ഹജ്ജ് കരാര്‍ ഒപ്പു വെക്കാതെ ഇറാന്‍ വീണ്ടും സൗദിയില്‍ നിന്നു മടങ്ങി. അതേസമയം റമദാനില്‍ മക്കയില്‍ അമ്പത് ലക്ഷം പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുമെന്ന് മക്കാ ഗവര്‍ണറേറ്റ് അറിയിച്ചു.

ഇറാന്‍ വീണ്ടും സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കാതെ തിരിച്ചുപോയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം സൗദി അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‍ നേരത്തെ ഇറാന്‍ കരാര്‍ ഒപ്പു വെക്കാതെ മടങ്ങിയിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വിട്ടു വീഴ്‍ചകള്‍ക്ക് തയ്യാറായതിനെ തുടര്‍ന്ന് ഇറാന്‍ സംഘം കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ക്കായി രണ്ടാമതും സൌദിയിലെത്തി. ഇറാനില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ വിസ അനുവദിക്കുക, ഹജ്ജ് തീര്‍ഥാടകരുടെ യാത്ര സൗദി- ഇറാന്‍ ദേശീയ വിമാനക്കമ്പനികള്‍ തുല്യമായി പങ്കിട്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സൗദി അംഗീകരിച്ചു. നയതന്ത്ര ബന്ധം നിലവിലില്ലാത്തതിനാല്‍ ഇറാനിലെ സ്വിസ് എംബസി വഴി വിസ അനുവദിക്കാനായിരുന്നു സൗദിയുടെ നീക്കം. എന്നാല്‍ അംഗീകരിക്കാന്‍ സാധിക്കാത്ത വ്യവസ്ഥകള്‍ ഇറാന്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന്‍ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇറാനില്‍ നിന്നുള്ള 63,000 ത്തോളം തീര്‍ഥാടകരുടെ ഹജ്ജ് യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. പരിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തെ ഇറാന്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് സൗദി കുറ്റപ്പെടുത്തി. അതേസമയം റമദാനില്‍ മക്കയിലും പരിസരപ്രദേശങ്ങളിലുമായി അമ്പത് ലക്ഷം പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുമെന്ന് മക്കാ ഗവര്‍ണറേറ്റ് അറിയിച്ചു. ഭക്ഷണ വിതരണത്തിനായി 250 സ്കൌട്ട് വിദ്യാര്‍ഥികളുടെയും ഇരുപത് അധ്യാപകരുടെയും സേവനം ഉണ്ടായിരിക്കുമെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മസ്ജിദുല്‍ ഹറാം പള്ളിയിലും പരിസരത്തും ചെക്ക്‌ പോയിന്‍റുകളിലും ആശുപത്രികളിലും ജിദ്ദാ വിമാനത്താവളത്തിലും സീപോര്‍ട്ടിളുമെല്ലാം നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യും.