അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു.

ശനിയാഴ്ച രാത്രി മിനായില്‍ നിന്നു പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് രാവിലെ മിനായിലെ തമ്പുകളില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പകല്‍ അറഫാ സംഗമവും രാത്രി മുസ്ദലിഫയിലെ താമസവും കഴിഞ്ഞു. ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുകളോടെയാണ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തുന്നത്. ജമ്രകളില്‍ എറിയാനുള്ള കല്ലുകള്‍ ഇന്നലെ മുസ്ദലിഫയില്‍ നിന്നു ശേഖരിച്ചു. ഇന്ന് രാവിലെ ജമ്രയില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ചെകുത്താന്റെ പ്രതീകങ്ങളായ മൂന്നു ജമ്രകളില്‍ ഏറ്റവും വലിയ ജമ്രയിലാണ് ഇന്ന് കല്ലെറിയുന്നത്. ഓരോ തീര്‍ഥാടകനും എഴു വീതം കല്ലുകള്‍ ജമ്രയില്‍ ഏറിയും. ജമ്രാ പാലത്തിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ കല്ലേറ് കര്‍മത്തിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടു മണിക്കൂര്‍ തീര്‍ഥാടകര്‍ ജമ്രാ പാലത്തിലേക്ക് പോകരുത് എന്നാണു ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയമവിധേയമല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവരുടെ തിരക്ക് പരിഗണിച്ചാണ് നിര്‍ദേശം. കല്ലേറ് കര്‍മം ആരംഭിക്കുന്ന ഇന്ന്, രാവിലെ ആറു മണി മുതല്‍ പത്തര വരെയാണ് നിയന്ത്രണം ഉള്ളത്. കഴിഞ്ഞ വര്‍ഷമുണ്ടായ മിനാ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്രാ പാലത്തിലും വഴികളിലും സുരക്ഷ ശക്തമാക്കി. കല്ലെറിയാന്‍ പോകുമ്പോള്‍ ഉന്തുവണ്ടിയും ലഗേജുകളുമൊന്നും പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകര്‍ മുടിയെടുക്കുകയും, ബലി നല്‍കുകയും, മക്കയില്‍ പോയി തവാഫ് നിര്‍വഹിക്കുകയും ചെയ്യുന്നു.