ഇന്ത്യയില്‍ നിന്നുള്ള പതിനായിരത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി നാലായിരത്തിലധികം തീര്‍ഥാടകര്‍ ആണ് ഓരോ ദിവസവും മദീനയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സൗഹൃദ സംഘത്തെ വിദേശകാര്യ സഹ മന്ത്രി എം ജെ അക്ബര്‍ നയിക്കും.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പതിനായിരത്തിലധികം തീര്‍ഥാടകര്‍ മദീനയില്‍ എത്തി. പതിനഞ്ചും പതിനാറും വിമാനങ്ങളിലായി നാലായിരത്തിലധികം തീര്‍ഥാടകര്‍ ഓരോ ദിവസവും ഇപ്പോള്‍ മദീനയില്‍ എത്തിക്കൊണ്ടിരിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൂടിതല്‍ താമസിയാതെ തന്നെ തീര്‍ഥാടകര്‍ മദീനാ വിമാനത്താവളത്തിനു പുറത്തിറങ്ങുന്നുണ്ട്. ഓഗസ്റ്റ് എട്ടു വരെ ഇന്ത്യയില്‍ നിന്ന് മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടരും.
ഹറം പള്ളിക്കടുത്ത് മാര്‍ക്കസിയ ഏരിയയില്‍ താമസ സൗകര്യം ലഭിക്കാത്ത ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മുന്നൂറ്റിയമ്പത് റിയാല്‍ വീതം മടക്കി നല്‍കും. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും സൗദിയില്‍ എത്തിതുടങ്ങി. ജിദ്ദ വഴിയെത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ പല മലയാളീ തീര്‍ഥാടകരും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. അതേസമയം ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സൗഹൃദ സംഘത്തെ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നയിക്കുമെന്ന് ഹജ്ജ്മിഷന്‍ അറിയിച്ചു.
