ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം മുപ്പതിന് ആരംഭിക്കും. മുപ്പത്തിയൊന്നിനായിരിക്കും അറഫാ സംഗമം. സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍. ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്ന് മക്കാ ഗവര്‍ണര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനാല്‍ ഹിജ്ര കലണ്ടര്‍ പ്രകാരം ഇന്ന് ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ്‌ മുപ്പതിന് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. മുപ്പത്തിയൊന്ന് വ്യാഴാഴ്ചയായിരിക്കും ദുല്‍ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. ഈ മാസം ഇരുപത്തിയൊമ്പതിനു തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിതുടങ്ങും. സെപ്റ്റംബര്‍ നാലിന് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. പതിനൊന്നു ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ ഇതിനകം സൌദിയിലെത്തി. ഇരുപത് ലക്ഷത്തി മുപ്പത്തിയെണ്ണായിരം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്നു മക്കാ ഗവര്‍ണറും സൗദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം കൂടുതലാണ്. ഇന്നലെ വരെ ഖത്തറില്‍ നിന്നും 443 തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായും ഗവര്‍ണര്‍ അറിയിച്ചു. സല്‍വാ അതിര്‍ത്തി വഴി റോഡ്‌ മാര്‍ഗമാണ് ഇവര്‍ സൗദിയില്‍ എത്തിയത്. മക്കയില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തീര്‍ഥാടകര്‍ക്കൊരുക്കിയ സൌകര്യങ്ങള്‍ ഗവര്‍ണര്‍ വിലയിരുത്തി. ഹജ്ജ് നിയമം ലംഘിക്കാര്‍ ആരെയും അനുവദിക്കില്ലെന്നും ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.