ജിദ്ദ: ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം വെളിപ്പെടുത്തി.അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന വിദേശികളെ നാട് കടത്തുന്നതോടൊപ്പം പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കെര്‍പ്പെടുത്തുമെന്ന് പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇതിനു പുറമേ തടവും പിഴയും ഉണ്ടാകും. അനുമതി പത്രമില്ലാത്തവരെ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇവര്‍ക്ക് യാത്രാ സഹായം നല്കിയാ അമ്പതിനായിരം റിയാല്‍ വരെ പിഴയും ആറു മാസത്തെ തടവും ശിക്ഷ ലഭിക്കും. കൂടാതെ വാഹനം കണ്ടു കെട്ടുകയും ചെയ്യും.അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 95,400 പേരെ പ്രവേശന കവാടങ്ങളില്‍ വെച്ച് ഇതിനകം തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ഖാലിദ് അല്‍ ഹര്‍ബി അറിയിച്ചു.

47,700 വാഹനങ്ങളും തിരിച്ചയച്ചു. നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക്പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മക്കയിലും പരിസരപ്രദേശങ്ങളിലും പരിശോധന ഉണ്ടായിരിക്കും. ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ തീര്‍ഥാടകര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള വഴികളിലും നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനായി ഹെലിക്കോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിക്കും. സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് കര്‍മത്തിന് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് ഖാലിദ് അല്‍ ഹര്‍ബി അഭ്യര്‍ഥിച്ചു.