ജിദ്ദാ: ജിദ്ദാ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവകരുടെ സാന്നിധ്യം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഐ.പി.ഡബ്ല്യൂ.എഫ് എന്ന ബാനറിന് കീഴില്‍ ഒരുമിച്ചാണ് എല്ലാവരുടെയും സേവനം ഉണ്ടാവുക.

ജിദ്ദയില്‍ നിന്നും വിവിധ സംഘടനകള്‍ക്ക് കീഴില്‍ ആയിരക്കണക്കിന് സന്നദ്ധ സേവകരാണ് ഇത്തവണയും ഹജ്ജ് സേവനത്തിനായി പോകുന്നത്. ഹജ്ജ് വേളയിലാണ് ഇവരില്‍ ഭൂരിഭാഗവും രംഗത്തിറങ്ങുന്നതെങ്കിലും ഏതാനും പ്രവര്‍ത്തകരുടെ സാന്നിധ്യം ജിദ്ദാ വിമാനത്താവളത്തിലുമുണ്ട്. ജിദ്ദയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ച ദിവസം മുതല്‍ ജിദ്ദാ കെ.എം.സി.സി പ്രവര്‍ത്തകരുടെ സാന്നിധ്യം വിമാനത്താവളത്തില്‍ ഉണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന് തീര്‍ഥാടകരുടെ സേവനത്തിനായി ഇത്തവണ ഒരു ഇലക്ട്രിക് ഗോള്‍ഫ് കാര്‍ കെ.എം.സി.സി നല്‍കി.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ ഒന്നിച്ചാണ് എല്ലാ സംഘടനകളും ഇത്തവണ ഹജ്ജ് വേളയില്‍ സേവനം ചെയ്യുന്നത്. വിമാനത്താവളത്തിലെത്തുന്ന തീര്‍ഥാടകര്‍ മക്കയിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള സഹായങ്ങള്‍ ഈ പ്രവര്‍ത്തകര്‍ നല്‍കും. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യുന്നത്.