കൊച്ചി: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കെതിരെ പരാതിയുമായി കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. മദീനയിലെ ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്നാണ് പരാതി. കുടിവെള്ളം കിട്ടുന്നതിന് പോലും ബുദ്ധിമുട്ടുണ്ടായെന്നും പരാതിയുണ്ട്

ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ തീര്‍ത്ഥാടകരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒന്‍പത് ദിവസം മദീനയിലെ ക്യാമ്പില്‍ ദുരനുഭവങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് പരാതി. കേന്ദ്ര ഹജ്ജ് മിഷന്‍ മദീനയില്‍ ഒരുക്കിയ ക്യാമ്പില്‍ കുടിവെള്ളം പോലും ഉണ്ടായില്ല. രണ്ട് പേര്‍ താമസിക്കേണ്ട മുറിയില്‍ താമസിച്ചത് ഏഴും എട്ടും പേര്. ആവശ്യത്തിന് ശുചിമുറികള്‍ ഉണ്ടായില്ലെന്നും പരാതിയുണ്ട്. ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് പോകാന്‍ വാഹന സൗകര്യമൊരുക്കാത്തതിനാല്‍ പലര്‍ക്കും നമസ്കാരം മുടക്കേണ്ടി വന്നു. 

ദിവസേന 1800 രൂപ കൈയ്യില്‍ നിന്ന് മുടക്കിയാണ് എല്ലാവരും പള്ളിയിലെത്തിയത്. ഈ തുക തിരികെ നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വോളണ്ടിയര്‍മാര്‍ക്ക് ഹിന്ദി അറിയാത്തതും പ്രതിസന്ധി ആയി. ഇത്തരത്തില്‍ 1800ലേറെ ഹാജിമാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ ഇ.ടി മുഹമ്മദ് ബഷീറിന് തീര്‍ത്ഥാടകര്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വിഷയത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതികരിച്ചു.