ജിദ്ദ; ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്നും നാളെയുമായി തീര്‍ഥാടകര്‍ മിനായില്‍ നിന്നും മടങ്ങും. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം ആറു മുതല്‍.

ഇന്നും നാളെയും മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. എന്നാല്‍ ഇന്നത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി വേണമെങ്കില്‍ കര്‍മങ്ങള്‍ അവസാനിപ്പിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നവരാണ് പല തീര്‍ഥാടകരും. പ്രത്യേകിച്ച് ആഭ്യന്തര തീര്‍ഥാടകര്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഇവര്‍ മിനായില്‍ നിന്നും മടങ്ങും. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ ഭൂരിഭാഗവും ഇന്ന് മിനായില്‍ താമസിച്ച് നാളത്തെ കല്ലേറ് കര്‍മം കൂടി നിര്‍വഹിക്കും.

മിനായില്‍ നിന്നും മടങ്ങുന്നവര്‍ക്ക് വദാഇന്‍റെ തവാഫ് മാത്രമാണ് ബാക്കിയുള്ള കര്‍മം. മക്കയില്‍ നിന്നും മടങ്ങുമ്പോള്‍ ഹറം പള്ളിയില്‍ ചെന്നാണ് ഇത് നിര്‍വഹിക്കുക. ഈ മാസം ആറിന് മദീനയില്‍ നിന്നാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം പത്തൊമ്പതിന് ആരംഭിക്കും.